കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാൻ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

ഷീബ വിജയൻ
കൊല്ലം I കൊട്ടാരക്കരയിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടിൽ അർച്ചന (33), കൂടെ താമസിച്ചിരുന്ന ആൺസുഹൃത്ത് ശിവകൃഷ്ണൻ(23) എന്നിവരാണ് മരിച്ചത്.
അർച്ചനയെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് സോണിയുടെ മേൽ ചുറ്റുമതിൽ ഇടിഞ്ഞു വീണത്. കരയ്ക്ക് നിന്ന ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
കിണറിന് 80 അടി താഴ്ചയുണ്ടായിരുന്നു. പുലർച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയർഫോഴ്സിന് അപകടം സംഭവിച്ചതായി ഫോൺ കോൾ വന്നത്. ഫയർഫോഴ്സ് എത്തുമ്പോൾ അർച്ചനയുടെ മൂത്ത രണ്ട് മക്കൾ വഴിയിൽ നിൽക്കുകയായിരുന്നു. അമ്മ കിണറ്റിൽ വീണെന്നു പറഞ്ഞ് കുട്ടികൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങുകയായിരുന്നു. യുവതിയുമായി സോണി മുകളിലേക്ക് കയറുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്. അപകട സമയത്ത് കിണറരികിൽ നിൽക്കുകയായിരുന്നു ശിവകൃഷ്ണൻ. ഇയാളും കിണറ്റിലേക്ക് വീണു.
dfdfsdsf