ബഹ്റൈനിലെ ഹമദ് ടൗണിൽ വാഹനത്തിനുള്ളിൽ കുട്ടി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ കേസെടുത്തു

പ്രദീപ് പുറവങ്കര
മനാമ: ഹമദ് ടൗണിൽ ഒരു വാഹനത്തിനുള്ളിൽ വെച്ച് നാലര വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ വടക്കൻ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് നിയമനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ ദാരുണ സംഭവത്തിൽ വിശദമായ അന്വേഷണത്തിനും നിയമനടപടികൾക്കുമായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കിന്റർഗാർട്ടൻ ജീവനക്കാരിയിൽ നിന്ന് വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് പട്രോൾ സംഘവും ദേശീയ ആംബുലൻസും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ, വിദ്യാർത്ഥികളെ കൊണ്ടുപോകാൻ ലൈസൻസ് ഇല്ലാത്ത വാഹനത്തിനുള്ളിൽ മണിക്കൂറുകളോളം കുട്ടി ഒറ്റപ്പെട്ടുപോയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. വാഹനമോടിച്ചിരുന്ന 40 വയസ്സുകാരിയായ ഡ്രൈവറുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും അധികൃതർ സ്ഥിരീകരിച്ചു. ആവശ്യമായ എല്ലാ നിയമപരമായ നടപടികളും സ്വീകരിച്ചതായി വടക്കൻ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
ഈ സംഭവം അതീവ ഗൗരവത്തോടെ കാണുന്ന ആഭ്യന്തര മന്ത്രാലയം, രക്ഷിതാക്കൾക്ക് ശക്തമായ മുന്നറിയിപ്പും അഭ്യർത്ഥനയും നൽകി. വിദ്യാർത്ഥികളെ കൊണ്ടുപോകാൻ ഔദ്യോഗിക ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാരുമായി കരാറിലേർപ്പെടുന്നത് രക്ഷിതാക്കൾ കർശനമായി ഒഴിവാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും വാഹനങ്ങളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, വിദ്യാഭ്യാസ-ഭരണനിർവ്വഹണ ജീവനക്കാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്കായി ബോധവൽക്കരണ-മാർഗ്ഗനിർദ്ദേശ കാമ്പെയ്‌നുകൾ മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികൃതർ തുടരുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
aa