12 കിലോ മയക്കുമരുന്നുമായി 10 പേർ പിടിയിൽ; മൂല്യം 1,76,000 ദീനാർ

പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ മയക്കുമരുന്നിന്റെ വിപത്തിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള വിപുലമായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, വലിയ മയക്കുമരുന്ന് വേട്ട നടന്നതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ആന്റി-നാർക്കോട്ടിക്‌സ് വിഭാഗം കസ്റ്റംസ് കാര്യാലയവുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് 10 പേർ അറസ്റ്റിലായത്.
അഞ്ചു വ്യത്യസ്ത കേസുകളിലായാണ് വിവിധ രാജ്യക്കാരായ ഇവരെ പിടികൂടിയത്. 21നും 42നും ഇടയിൽ പ്രായമുള്ള പ്രതികളുടെ കൈവശം 1,76,000 ദീനാറിലധികം മൂല്യമുള്ള ഏകദേശം 12 കിലോ മയക്കുമരുന്ന് ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ തിരച്ചിലുകളും അന്വേഷണങ്ങളും ആരംഭിച്ചു. ഇത് പ്രതികളെ തിരിച്ചറിയുന്നതിനും മയക്കുമരുന്നുമായി അവരെ അറസ്റ്റ് ചെയ്യുന്നതിനും സഹായിച്ചു.
പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടുകയും നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്ത ശേഷം കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി എല്ലാ സ്ഥാപനങ്ങളുമായും ഗ്രൂപ്പുകളുമായും ചേർന്ന് സമൂഹ പങ്കാളിത്തം സജീവമായി തുടരേണ്ടതിന്റെ പ്രാധാന്യം ക്രിമിനൽ മീഡിയ ഡിവിഷൻ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് കടത്ത് അല്ലെങ്കിൽ പ്രോത്സാഹനവുമായി ബന്ധപ്പെട്ട ഏത് വിവരവും ഹോട്ട്‌ലൈൻ 996 വഴിയോ (അല്ലെങ്കിൽ ഇ-മെയിൽ: 996@interior.gov.bh) അധികൃതരെ അറിയിക്കണമെന്നും, വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഈ സേവനം 24/7 ലഭ്യമാണ്.
േ്്േേ