ഒമ്പതു വയസ്സുകാരിയുടെ കൈ മുറിച്ച സംഭവം; ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകിയിരുന്നുവെന്ന് ആവർത്തിച്ച് അന്വേഷണ റിപ്പോർട്ട്


ശാരിക

പാലക്കാട് l ഒമ്പതു വയസ്സുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ കുട്ടിക്ക് ജില്ല ആശുപത്രിയിൽ ആവശ്യമായ ചികിത്സ നൽകിയിരുന്നുവെന്ന് വ്യക്തമാക്കി ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട്. വീണു പരിക്കേറ്റ നിലയിൽ സെപ്റ്റംബർ 24ന് കുട്ടി ആശുപത്രി എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ വലതു കൈയിലെ രണ്ട് എല്ലുകൾ പൊട്ടിയെന്ന് മനസ്സിലാക്കി പ്ലാസ്റ്റർ സ്ലാബ് ഇട്ടിരുന്നുവെന്നും കൈയിലെ രക്തയോട്ടം കുഴപ്പമില്ലെന്ന് ഉറപ്പാക്കിയശേഷം മരുന്ന് നൽകി ഡിസ്ചാർജ് ചെയ്തുവെന്നും അടുത്ത ദിവസം ഒ.പിയിൽ വന്നപ്പോൾ കുട്ടിക്ക് വേദന ഉണ്ടായിരുന്നെങ്കിലും കൈവിരലുകൾ അനക്കാൻ പറ്റുന്നുണ്ടായിരുന്നു. വിരലുകളിൽ നീരും ഉണ്ടായിരുന്നില്ല. വേദനക്ക് മരുന്ന് നൽകിയശേഷം വിരലുകൾ അനക്കാനും നിറവ്യത്യാസം, കൂടുതൽ വേദന, നീര്, വേദന എന്നിവ കണ്ടാൽ ആശുപത്രിയിൽ വരാനും നീരില്ലെങ്കിൽ അഞ്ചു ദിവസം കഴിഞ്ഞ് പ്ലാസ്റ്റർ കാസ്റ്റ് ചെയ്യാൻ ഒ.പിയിൽ എത്താൻ നിർദേശിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അത്യാഹിത വിഭാഗത്തിൽ കുട്ടിക്ക് ചികിത്സ നൽകിയിരുന്നു. സെപ്റ്റംബർ 30ന് ഒ.പിയിൽ എത്തുമ്പോൾ രക്തയോട്ടം നിലച്ച നിലയിലായിരുന്നു. രക്തയോട്ടം ഇല്ലാത്തതിനാൽ സമയബന്ധിതമായി പ്രാഥമിക ചികിത്സ നൽകി വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നു. സെപ്റ്റംബർ 25നുശേഷം ഇടയ്ക്കുള്ള ദിവസങ്ങളിൽ കുട്ടി ആശുപത്രി സന്ദർശിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പരാതി ഉയർന്നതിനെ തുടർന്ന് ഡി.എം.ഒയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രണ്ടംഗ സംഘം നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.

പാലക്കാട് ഗവ. മെഡിക്കൽ കോളജ്, ഒറ്റപ്പാലം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ എല്ലുരോഗ വിദഗ്ധരാണ് ശനിയാഴ്ച അന്വേഷണം നടത്തിയത്. ഈ റിപ്പോർട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകുമെന്ന് ഡി.എം.ഒ അറിയിച്ചു. അതേസമയം, ഒമ്പതു വയസ്സുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവത്തിൽ വെള്ളിയാഴ്ച പുറത്തുവന്ന ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട് ഡോക്ടർമാരെ രക്ഷിക്കാനാണെന്ന് കുട്ടിയുടെ മാതാവ് പ്രസീദ പറഞ്ഞു. കൃത്യമായ പരിശോധന നടന്നില്ല. കുട്ടിയെ അഡ്മിറ്റാക്കി ചികിത്സിച്ചിരുന്നുവെങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും പ്രസീദ പറഞ്ഞു. എല്ലു പൊട്ടിയതിനാൽ സ്വാഭാവികമായ വേദന ഉണ്ടാകുമെന്ന് പറഞ്ഞിരുന്നതിനാലാണ് 25നുശേഷം ഇടക്ക് ആശുപത്രിയിൽ പോകാതിരുന്നത്. എന്നാൽ, അപ്പോഴേക്കും കുട്ടിയുടെ നില വഷളായി.

കൈയുടെ നിറം മാറുകയും ദുർഗന്ധം വരുകയും ചെയ്തു. വീണ് പരിക്കേറ്റ കുട്ടിയുടെ കൈയിൽ മുറിവുണ്ടായിരുന്നു. ഇത് ഡോക്ടർമാർ ശ്രദ്ധിച്ചിരുന്നുവെങ്കിൽ അണുബാധ ഉണ്ടാകുമായിരുന്നില്ല. മുറിവിന് കൃത്യമായ ചികിത്സ നൽകിയില്ല. ഡോക്ടർമാരുടെ ഭാഗത്തെ തെറ്റ് മറക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസീദ ആരോപിച്ചു. അതിനിടെ, വിഷയത്തിൽ കേന്ദ്രമന്ത്രിക്ക് ഉൾപ്പെടെ കുടുംബം പരാതി നൽകി. കൂടുതൽ പരാതിയുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം.

കുട്ടിയുടെ ചികിത്സയിലെ പിഴവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ. ബാബു എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. പൂർണമായി ചികിത്സ നൽകുന്നതിനുമുമ്പ് ഒമ്പതു വയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ചുമാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും ഹൈകോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇത്തരം സാഹചര്യത്തിൽ കൈ മുറിച്ചുമാറ്റാതെ തന്നെ മുറിവ് ഭേദമാക്കാൻ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കോഴിക്കോട് മെഡിക്കൽ കോളജിലുണ്ട്. അതിനാൽ കുട്ടിക്ക് ആവശ്യമായ മുഴുവൻ ചികിത്സയും നൽകാതെ വളരെ വേഗം കൈ മുറിച്ചുമാറ്റിയ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെ സമഗ്ര അന്വേഷണവും നടപടിയും വേണമെന്നും പരാതിയിൽ പറയുന്നു.

You might also like

Most Viewed