വെള്ളിക്കുന്നത്ത് ഭഗവതി കാവ് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞവും, നവരാത്രി ആഘോഷവും 21 മുതല്‍

ഷീബ വിജയൻ
കാഞ്ഞങ്ങാട് I പ്രസിദ്ധമായ വെള്ളിക്കോത്ത് വെള്ളിക്കുന്നത് ഭഗവതി കാവില്‍ സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം, നവരാത്രി ആഘോഷങ്ങള്‍, എന്നിവയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നീണ്ട 64 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെള്ളിക്കുന്നത് ഭഗവതി കാവില്‍ നവാഹയജ്ഞം നടക്കുന്നത്. ഒക്ടോബര്‍ 21ന് രാവിലെ 10ന് കലവറ ഘോഷയാത്ര. വൈകിട്ട് 5ന് ഇടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍, ക്ഷേത്രം തന്ത്രി ആലമ്പാടി പത്മനാഭപട്ടേരി, യജ്ഞാചാര്യന്‍ ഡോ. കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തിരുവനന്തപുരം എന്നിവര്‍ക്ക് ആചാര്യവരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് ഇടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍ യജ്ഞ ദീപം തെളിക്കും. ആചാര്യവരണം, ദേവീ ഭാഗവത മാഹാത്മ്യ പ്രഭാഷണം എന്നിവ നടക്കും.
22 മുതല്‍ 29 വരെ എല്ലാ ദിവസം രാവിലെ 5.30ന് ഗണപതിഹോമം. 6 മണിക്ക് ലളിത സഹസ്രനാമജപം, ഗ്രന്ഥപൂജ. 6.30 മുതല്‍ വൈകിട്ട് 6.30 വരെ ശ്രീമദ് ദേവീഭാഗവത പാരായണവും പ്രഭാഷണവും ഉച്ചക്ക് 12 ന് ഉച്ചപൂജയും 12.30 മുതല്‍ അന്നദാനവും വൈകീട്ട് 6.45 ന് ദീപാരാധനയും രാത്രി 8ന് നിറമാലയും നടക്കും. 24ന് രാവിലെ 10ന് ധന്വന്തരി ഹോമം, 25 ന് രാവിലെ 10 ന് ഗായത്രി ഹോം, 26ന് വൈകിട്ട് 6ന് സര്‍വ്വൈശ്വര്യ പൂജ, 27ന് രാവിലെ പാര്‍വ്വതീ സ്വയം വര ഘോഷയാത്ര, വൈകിട്ട് 5.30 മുതല്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചന. 28 ന് രാവിലെ 10 ന് നവഗ്രഹ പൂജ. 29 ന് രാവിലെ 10 ന് മൃത്യുഞ്ജയ ഹോമം. വൈകീട്ട് കുമാരീ പുജ. 30ന് രാവിലെ 5 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 10ന് തുളസി പൂജ, ഗായത്രി സഹസ്രനാമാര്‍ച്ചന, 11ന് കലശപൂജ, അഭിഷേകം, മംഗളാരതി. 11.30ന് യജ്ഞ സമര്‍പ്പണം, ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദ വിതരണം. വൈകിട്ട് ഗ്രന്ഥം വെപ്പ് പൂജ, 7ന് മാവുങ്കാല്‍ പ്രഗതി സ്‌കൂള്‍ ക്ലാസിക്കല്‍ ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന.
ഒക്ടോബര്‍ ഒന്ന് മഹാനവമി ദിനത്തിൽ രാവിലെ 8ന് വാഹനപൂജ. 9:30ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ. 11ന് ഭക്തിഗാനമേള, വൈകിട്ട് 7ന് റാണിപുരം പെരുതടി മഹാദേവ ഭജന സംഘം അവതരിപ്പിക്കുന്ന ഭജനാമൃതം. വിജയ ദശമി ദിനത്തില്‍ രാവിലെ 7ന് ഗ്രന്ഥമെടുപ്പ് തുടര്‍ന്ന് വിദ്യാരംഭം. വൈകിട്ട് 7ന് ക്ഷേത്രപരിധിയിലെ കലാകാരന്മാരുടെ നൃത്ത നൃത്യങ്ങള്‍.
വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി നാരായണന്‍കുട്ടി നായര്‍, ജനറല്‍ കണ്‍വീനര്‍ കെ കൃഷ്ണന്‍ മാസ്റ്റര്‍, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി ബാലകൃഷ്ണന്‍, ട്രഷറര്‍ കെ വി കൃഷ്ണന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ എന്‍ വി മനോഹരന്‍, പി സുധാകരന്‍ നായര്‍, ബി നാരായണന്‍, പി വി ഉദയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
dsadsasd