സ്ത്രീകളോട് മോശമായി പെരുമാറിയതിന് പുറത്താക്കിയ കോൺഗ്രസ് നേതാവ് സി.പി.എമ്മിൽ ചേർന്നു


ഷീബ വിജയൻ 

പാലക്കാട് I സ്ത്രീകളോട് മോശമായി പെരുമാറിയതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ യുവ കോൺഗ്രസ് നേതാവ് സി.പി.എമ്മിൽ. തച്ചമ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറിയുമായ റിയാസ് തച്ചമ്പാറയാണ് സി.പി.എമ്മിൽ ചേർന്നത്. സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ എത്തിയ റിയാസിനെ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സ്വീകരിച്ചു. വനിതകളോട് രാഹുൽ മാങ്കൂട്ടത്തിൽ പെരുമാറിയത് പോലെയല്ല റിയാസ് പെരുമാറിയതെന്ന് ഇ.എൻ. സുരേഷ് ബാബു വ്യക്തമാക്കി. റിയാസിനെ പാർട്ടി സംരക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് റിയാസ് തച്ചമ്പാറയെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. റിയാസ് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് സ്ത്രീകൾ നൽകിയ പരാതിയിൽ കല്ലടിക്കോട് പൊലീസ് കേസെടുത്തിരുന്നു. നിരവധി സ്ത്രീകൾ പരാതി നൽകിയതിനെ തുടർന്ന് റിയാസിനെ നേരത്തെ താക്കീത് ചെയ്തിരുന്നതാണെന്ന് ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ വ്യക്തമാക്കി. ഒരു ഭാഗത്ത് സ്ത്രീകൾക്ക് അനുകൂലമാണെന്ന് പറയുന്ന സി.പി.എം മറുഭാഗത്ത് സ്ത്രീവിരുദ്ധനെ സ്വീകരിക്കുന്നതാണ് കാണുന്നതെന്നും തങ്കപ്പൻ ചൂണ്ടിക്കാട്ടി. ഇടത് ശക്തികേന്ദ്രമായ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതിൽ റിയാസ് പ്രധാന പങ്കുവഹിച്ചിരുന്നു. റിയാസ് എത്തുന്നതോടെ പഞ്ചായത്ത് തിരിച്ചു പിടിക്കാമെന്നാണ് സി.പി.എം കരുതുന്നത്.

article-image

ZXXZXZXZ

You might also like

Most Viewed