യൂത്ത്കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന

ഷീബ വിജയൻ
പത്തനംതിട്ട I യൂത്ത്കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുവെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളിലാണ് പരിശോധന. ഇവരുടെ ഫോണുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അടൂരും ഏലംകുളത്തുമുള്ള യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഭാരവാഹി തെരഞ്ഞെടുപ്പിന് മുൻപ് മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. കേസിലെ മുഖ്യ പ്രതി ഫെനി നൈനാന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി. ക്രമക്കേട് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിലും പരിശോധന നടത്താനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നീക്കം.
ETW4RWSDEDEEQS