രാഹുൽ രാജിവെക്കണമെന്ന് സണ്ണി ജോസഫും; കെ.പി.സി.സിയും കൈവിട്ടു


ഷീബ വിജയൻ 

തിരുവനന്തപുരം I രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുൽ രാജിവെക്കുന്നതാണ് നല്ലതെന്ന നിലപാട് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. രാഹുലിനെതിരെ കൂടുതൽ ശബ്ദരേഖകൾ ഉൾപ്പടെ പുറത്ത് വന്നതോടെയാണ് രാജി വേണമെന്ന നിലപാടിലേക്ക് സണ്ണി ജോസഫും എത്തിയത്. അതേസമയം, ഒന്നിനു പിന്നാലെ ഒന്നായി ആരോപണങ്ങൾ ഉയർന്നു വന്നതിനു പിന്നാലെ കോൺഗ്രസിനുള്ളിൽ ഒറ്റപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനത്തു നിന്നുള്ള രാജിക്ക് സമ്മർദമേറി. പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയർമാനുമായ വി.ഡി സതീശൻ രാജി ആവശ്യത്തിൽ ഉറച്ചു നിൽക്കുമ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തലയും രാജി ആവശ്യപ്പെട്ടു. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാധ്യതയുള്ളതിനാൽ രാഹുൽ എം.എൽ.എ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ് ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ ജനപ്രതിനിധി പദവിയിൽ തുടരുന്നത് തദ്ദേശ -നിയമ സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ദോഷമായി ബാധിക്കുമെന്നാണ് ചെന്നിത്തല അറിയിച്ചത്. ഇത് ഹൈകമാൻഡിനെയും അദ്ദേഹം അറിയിച്ചു. ഒരു നിമിഷം പോലും അദ്ദേഹം സ്ഥാനം തുടരരുതെന്ന് ചെന്നിത്തല കർശനമായി നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്.

article-image

EWDASD

You might also like

  • Lulu Exchange
  • Straight Forward

Most Viewed