രാഹുലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകും, രാജിവെച്ചത് അതിന്‍റെ ഒന്നാം ഘട്ടം; വി.ഡി. സതീശൻ

ഷീബ വിജയൻ
തിരുവനന്തപുരം I രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് അതിന്‍റെ ഒന്നാം ഘട്ടമാണെന്നും പ്രതിപക്ഷനേതാവd വി.ഡി. സതീശൻ. ഞങ്ങൾ ഈ കാര്യം ഗൗരവമായി പരിശോധിക്കും. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. അതിന്‍റെ ഒന്നാം ഘട്ടമായി 24 മണിക്കൂറിനകം ഒരു പരാതി പോലും ഇല്ലാതിരുന്നിട്ടും അദ്ദേഹം രാജിവെച്ചു. ഇനി പാർട്ടി അന്വേഷിക്കും. അതിന് ഒരു നടപടിക്രമമുണ്ട്. എന്നിട്ട് നോക്കാമെന്നും സതീശൻ പറഞ്ഞു. ആരോപണ വിധേയരായി നിൽക്കുന്നവർ എത്ര പേരുണ്ട്. ഞങ്ങൾ അതൊന്നും നോക്കിയിട്ടില്ല തീരുമാനമെടുക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും എന്തു ചെയ്തു എന്ന് നോക്കിയല്ല ഞങ്ങളുടെ തീരുമാനം. ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിന് വിട്ടുവീഴ്ചയില്ലാത്ത തീരുമാനമുണ്ട്. ആരോപണമുന്നയിക്കുന്ന സ്ത്രീകൾക്കെതിരായി ഒരു പ്രചരണവും യു.ഡി.എഫ് പ്രവർത്തകർ നടത്തരുത് -അദ്ദേഹം വ്യക്തമാക്കി.
അതിനിടെ രാഹുലിനെ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി യോഗത്തിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസമന്ത്രി നിർദേശിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ്. സംഘാടക സമിതിയിൽ നിന്ന് രാഹുലിനെ ഒഴിവാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. രാഹുലില്ലാതെ യോഗവുമായി മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം. ഈ മാസം 25നാണ് സംഘാടകസമിതി രൂപീകരണ യോഗം. പരിപാടിയുടെ ഉദ്ഘാടകൻ മന്ത്രി എം.ബി രാജേഷാണ്. പാലക്കാടാണ് ഈ വർഷത്തെ സ്കൂൾ ശാസ്ത്രോത്സവം നടക്കേണ്ടത്.
SADASDASADS