സ്ത്രീകളോട് അറിയാതെ ചെയ്ത തെറ്റുകൾക്കുള്ള ഏറ്റുപറച്ചിലാണ് ജെ.എസ്.കെ ; സുരേഷ് ഗോപി

ഷീബ വിജയൻ
തൃശൂർ I 'ജാനകി വി. v/s സ്റ്റേറ്റ് ഓഫ് കേരള(ജെ.എസ്.കെ)' പ്രദർശനം കാണാൻ പ്രധാനവേഷമിട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷിനൊപ്പമാണ് തൃശൂർ രാഗം തിയേറ്ററിൽ എത്തിയത്. ഫാൻസുകാരുടെ ആഘോഷാരവങ്ങൾക്കിടയിൽ സിനിമ കണ്ട് അണിയറ പ്രവർത്തകർക്കൊപ്പം കേക്കും മുറിച്ചാണ് സുരേഷ് ഗോപി തിയേറ്റർ വിട്ടത്. ജീവതത്തിൽ ഇന്നേവരെ കടന്നുവന്ന സ്ത്രീകളോടാരോടെങ്കിലും താൻ അറിയാതെ തെറ്റ് ചെയ്തുപോയിട്ടുണ്ടെങ്കിൽ അതിനെല്ലാമുള്ള മാപ്പ് പറച്ചിലാണ് ഈ സിനിമയെന്ന് സുരേഷ് ഗോപി പറഞ്ഞു. നീതിക്കായി ജാനകിമാരുടെ പോരാട്ടത്തിന്റെ ഭാഗമായതിൽ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
പേര് പ്രദർശിപ്പിക്കുമ്പോൾ മാത്രമാണ് ജാനകി വി. v/s സ്റ്റേറ്റ് ഓഫ് കേരള എന്നുള്ളത്. ഇതൊഴികെ സിനിമയിലുടനീളം ജാനകി എന്നുതന്നെയാണുള്ളത്. കോടതിവിചാരണ നടക്കുമ്പോൾ ജാനകി എന്ന പേര് മ്യൂട്ട് ചെയ്തിട്ടുമുണ്ട്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേരാണ് സെൻസെർ ബോർഡ് വിലക്കിയത്. രാമായണത്തിലെ സീതയുടെ മറ്റൊരു പേരാണ് ജാനകിയെന്നും ഇത് അനുവദിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിലപാട്. കോടതി കയറിയ വിവാദങ്ങൾക്കൊടുവിൽ ജാനകി എന്ന പേരിനൊപ്പം 'വി' എന്ന് ചേർത്താൽ പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ഇത് നിർമാതാക്കൾ ഹൈകോടതിയിൽ സമ്മതിക്കുകയായിരുന്നു.
SADASDADS