താരപ്രചാരകരുടെ പട്ടികയിൽ എട്ടാമത് ശശി തരൂർ; ശശി തരൂർ എം.പിയുടെ വാദം പോളിയുന്നു


ഷീബ വിജയൻ
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പ്രചരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന ശശി തരൂർ എം.പിയുടെ വാദം തെറ്റെന്ന് തെളിയിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയ താരപ്രചാരകരുടെ പട്ടിക പുറത്ത്. കെ.സി. വേണുഗോപാലും പ്രിയങ്ക ഗാന്ധിയും ദീപ ദാസ്മുൻഷിയും ഉൾപ്പെടെയുള്ള 40 പേരുടെ പട്ടികയിൽ എട്ടാമതാണ് ശശി തരൂരിന്റെ പേരുള്ളത്. നേരത്തെ തന്നെ ആരും ക്ഷണിക്കാഞ്ഞതിനാലാണ് നിലമ്പൂരിലേക്ക് പോകാതിരുന്നതെന്ന് തരൂർ പ്രതികരിച്ചിരുന്നു. അഡ്വ സണ്ണി ജോസഫ്, രമേശ് ചെന്നത്തല, കെ സുധാകരൻ എന്നിവർക്ക് തൊട്ടുതാഴെയാണ് ശശി തരൂരിന്റെ പേര്. കൊടിക്കുന്നേൽ സുരേഷിന്റെ പേര് ഒമ്പതാമതും കെ മുരളീധരന്റെ പേര് പട്ടികയിൽ പത്താമതുമാണ്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പേര് പതിനാലാമതാണ്. പാർട്ടിയിൽ തരൂരിന് എത്രമാത്രം പ്രാധാന്യം ലഭിക്കുന്നെന്ന് സൂചിപ്പിക്കുന്നതാണ് താര പട്ടിക. തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ആരെയും ക്ഷണിച്ചിട്ടല്ല വരേണ്ടതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.
നിലമ്പൂരിൽ ക്ഷണിച്ച് വരുത്താൻ ആരുടെയും സംബന്ധമല്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ രൂക്ഷ പ്രതികരണം. പാർട്ടിയോട് കൂറുള്ള നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ബന്ധപ്പെട്ടു. അവർക്ക് സൗകര്യമുള്ള തീയതികൾ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ശശി തരൂരിന്‍റെ മനസ്സ് മോദിക്കൊപ്പവും ശരീരം കോൺഗ്രസിനൊപ്പവുമാണെന്നും ഉണ്ണിത്താൻ പറഞ്ഞു.
നിലമ്പൂരിലേക്ക് വരണമെന്നഭ്യർഥിച്ച് ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ലെന്നായിരുന്നു തരൂർ മാധ്യമങ്ങളോട് പറഞ്ഞത്. ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല. അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ യു.ഡി.എഫ് സ്ഥാനാർഥിക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കൾ എത്തിയിരുന്നു. ശശി തരൂരിന്റെ അഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം വിദേശത്താണ് എന്ന മറുപടിയാണ് യു.ഡി.എഫ് നേതൃത്വം നൽകിയിരുന്നത്.
dxzczzvvzc