ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരത; എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു

ഷീബ വിജയൻ
തിരുവന്തപുരം: സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നന് സസ്പെൻഷൻ. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെതിയതിന് പിന്നാലെയാണ് നടപടി. ബിന്ദുവിനെ കൂടുതൽ ഭീഷണിപ്പെടുത്തിയത് എ.എസ്.ഐ പ്രസന്നനാണ്. സംഭവത്തിൽ കൂടുതൽ പൊലീസുകാർക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകി.
ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുന്ന ദിവസം ജിഡി ഇൻചാർജ് ആയിരുന്നു പ്രസന്നൻ. ഉദ്യോഗസ്ഥൻ അമിതാധികാരപ്രയോഗം നടത്തി, മോശം വാക്കുകൾ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയിരുന്നു. നേരത്തെ സ്റ്റേഷൻ ചാർജ് ഉണ്ടായിരുന്ന എസ് ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ പൊലീസിനോട് വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. കള്ള പരാതി കൊടുക്കാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. ക്രൂരമായി പെരുമാറിയ പ്രസന്നൻ എന്ന പൊലീസുകാരനെതിരെയും നടപടി വേണമന്ന് ബിന്ദു ആവശ്യപ്പെട്ടിരുന്നു. വ്യാജ പരാതി നൽകിയ ഓമന ഡാനിയേലിനെതിരെ മാനനഷ്ട പരാതി നൽകാനാണ് ബിന്ദുവിന്റെ തീരുമാനം.
ASDADSWAS