കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ യുവതിയ്ക്ക് വിരലുകൾ നഷ്ടപ്പെട്ട സംഭവം; ഡോക്ടർക്ക് ഗുരുതരവീഴ്ച

തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ യുവതിയ്ക്ക് വിരലുകൾ നഷ്ടപ്പെട്ട സംഭവത്തിൽ ഡോക്ടർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ഡിഎംഒ പൊലീസിന് കൈമാറി.
ത്വക്ക്, പല്ല് രോഗ ചികിത്സകൾക്ക് മാത്രമാണ് കോസ്മെറ്റിക് ആശുപത്രിക്ക് അനുമതിയുള്ളതെന്നിരിക്കെ അനുമതിയില്ലാത്ത ചികിത്സകളും ആശുപത്രിയിൽ നടക്കാറുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തിൽ കണ്ടെത്തി. യുവതിക്ക് തുടർ ചികിത്സ നൽകുന്നതിൽ ഉൾപ്പടെ ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിലുള്ള അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം യുവതിയുടെ കുടുംബം ഡിജിപിക്ക് പരാതി നൽകിയിരുന്നു. അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആരോപണ വിധേയരുടെ മുഴുവൻ മൊഴി രേഖപ്പെടുത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ആശുപത്രിയിൽ ചികിത്സ തേടിയ 31കാരി നീതുവിനാണ് ചികിത്സാപ്പിഴവിനെത്തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നത്. പ്രസവത്തിന് ശേഷമുള്ള വയറിലെ കൊഴുപ്പ് കുറയ്ക്കാൻ, പരസ്യം കണ്ടാണ് കോസ്മറ്റിക് ആശുപത്രിയുമായി നീതു ബന്ധപ്പെടുന്നത്. അഞ്ച് ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കായി ആശുപത്രി ആവശ്യപ്പെട്ടത്. ആദ്യം യുവതി പിൻമാറിയെങ്കിലും മൂന്ന് ലക്ഷം രൂപയ്ക്ക് ചെയ്തുതാരാമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും ബന്ധപ്പെടുകയായിരുന്നു.
EFSTWWEFWSQRWSA