ഭക്ഷ്യ ക്ഷാമം; കാലിത്തീറ്റ കഴിച്ച് വിശപ്പടക്കാൻ ഗാസ നിവാസികൾ

ഇസ്രയേൽ കടന്നാക്രമണം നാൾക്കുനാൾ രൂക്ഷമാക്കുകയും മുനമ്പിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം പൂർണമായും തടയുകയും ചെയ്തതോടെ ഗാസ നിവാസികൾ പട്ടിണിയിൽ. ഭക്ഷ്യവസ്തുക്കൾ ഇല്ലാതായതോടെ കാലിത്തീറ്റ കഴിച്ച് അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ 22 ലക്ഷത്തോളം ജനങ്ങൾ.
കാലിത്തീറ്റ പൊടിച്ച് റൊട്ടിയുണ്ടാക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. ഗാസയിൽ പകർച്ചവ്യാധികൾ അതിവേഗം പടരുന്ന അവസ്ഥയിലാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആക്രമണത്തിൽ ഇതുവരെ ഗാസയിൽ 26,751 പേർ കൊല്ലപ്പെട്ടു.
ഗാസയിലെ തങ്ങളുടെ ഓഫീസുകളിലേക്ക് ഇസ്രയേൽ സൈന്യം 260 തവണ നടത്തിയ ആക്രമണങ്ങളിൽ 360 പലസ്തീൻകാർ കൊല്ലപ്പെട്ടെന്ന് അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി പറഞ്ഞു. ഹമാസുമായി ചേർന്ന് പ്രവർത്തിച്ചെന്ന് ആരോപിച്ച 12 ഏജൻസി പ്രവർത്തകരുടെ വിവരങ്ങൾ ഇസ്രയേൽ പുറത്തുവിട്ടു. ആരോപണത്തിൽ വിശദ അന്വേഷണം വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
പാരിസിൽ നടന്ന ചർച്ചകളുടെ തുടർച്ചയായി ലഭിച്ച വെടിനിർത്തൽ കരാറിനായുള്ള നിർദേശം പഠിച്ചുവരികയാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയെ പറഞ്ഞു. ചർച്ചകൾക്കായി കെയ്‌റോയിലേക്ക് പോകും. 45 ദിവസം നീളുന്ന ഘട്ടംഘട്ടമായ വെടിനിർത്തലാണ് നിർദേശിച്ചിരിക്കുന്നതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാംഘട്ടത്തിൽ ഹമാസിന്റെ പക്കലുള്ള പുരുഷന്മാരായ ബന്ദികളെയും ഇസ്രയേൽ പട്ടാളക്കാരെയും കൈമാറും− റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഗാസയിൽനിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേൽ ജയിലിലുള്ള ആയിരക്കണക്കിന് പലസ്തീൻകാരെ വിട്ടയക്കണമെന്ന ഹമാസ് ആവശ്യവും തള്ളി.
േ്ുു