ചാള്‍സ് ശോഭരാജ് ഇനി ജയിൽമോചിതൻ; ഉത്തരവിറക്കി നേപ്പാൾ പരമോന്നത കോടതി


കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ നേപ്പാളിലെ പരമോന്നത കോടതി ഉത്തരവ്. കൊലപാതക കുറ്റങ്ങളില്‍ ഉള്‍പ്പെടെ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സ് ശോഭരാജിന്റെ പ്രായവും ആരോഗ്യനിലയും ഉള്‍പ്പെടെ കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് കോടതി 2003ല്‍ ചാള്‍സ് ശോഭരാജിന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചിരുന്നത്.

ഇതില്‍ കൂടുതല്‍ കാലം ചാള്‍സ് ശോഭരാജിനെ തടവില്‍ പാര്‍പ്പിക്കുന്നത് തടവുകാരുടെ മനുഷ്യാവകാശത്തിന് ലംഘനമാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ചാള്‍സ് ശോഭരാജിന്റെ പേരില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഇനി കേസുകളൊന്നുമില്ലെങ്കില്‍ ഇയാളെ ഉടന്‍ വിട്ടയ്ക്കാമെന്നും കോടതി പറഞ്ഞു. ജയില്‍ മോചിതനായി 15 ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാള്‍സിനെ നാടുകടത്തണമെന്നും കോടതി വ്യക്തമാക്കി.

ഫ്രാന്‍സിലെ ചെറിയ കുറ്റകൃത്യങ്ങള്‍ക്കും ജയില്‍ വാസത്തിനും ശേഷം 1970കളിലാണ് ചാള്‍സ് ലോകം ചുറ്റാന്‍ തുടങ്ങിയത്. ഇക്കാലത്ത് തായ് തലസ്ഥാനമായ ബാങ്കോക്കില്‍ ഇയാള്‍ താമസം തുടങ്ങി. ഇരകളുമായി ദീര്‍ഘനേരം സംസാരിച്ച് സൗഹൃദം സ്ഥാപിച്ച് കൊലപാതകം ഉള്‍പ്പെടെ നടത്തുകയായിരുന്നു ചാള്‍സിന്റെ രീതി. 12 ഓളം പേരെ ചാള്‍സ് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരകളുടെ എണ്ണം മുപ്പതിനും മേലെ വരുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്. തായ്‌ലാന്‍ഡ്, നേപ്പാള്‍, ഇന്ത്യ, മലേഷ്യ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് ചാള്‍സിന്റെ ഇരകളായത്.

article-image

OUG

You might also like

Most Viewed