ഉഗാണ്ടയിൽ എബോള വൈറസ് പടരുന്നു; 65ഓളം ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിൽ

ഉഗാണ്ടയിൽ എബോള വൈറസ് പടരുന്നു. ഇതോടെ കിഴക്കൻ ആഫ്രിക്കൻ പ്രദേശത്ത് ആശങ്ക വർധിച്ചിരിക്കുകയാണ്.വൈറസ് പകർച്ചയെ തുടർന്ന് രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ കുറഞ്ഞത് 65 ആരോഗ്യ പ്രവർത്തകരെയെങ്കിലും ക്വാറന്റൈനിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സെന്‍ട്രൽ ഉഗാണ്ടയിൽ, കുറഞ്ഞത് ആറ് ആരോഗ്യ പ്രവർത്തകരെയെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എബോള ബാധിച്ച ചില ആരോഗ്യ പ്രവർത്തകർ നിരീക്ഷണ കാലയളവായ 21 ദിവസം അവരവരുടെ വീട്ടിൽ തന്നെ തുടരുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഇമ്മാനുവൽ ഐന്‍ബ്യൂണ (Emmanuel Ainebyoona) ഷിന്‍ഹ്വ വാർത്താ ഏജന്‍സിയോട് പറഞ്ഞു. ഞങ്ങൾ അവരെ 21 ദിവസത്തേക്ക് നിരീക്ഷിച്ചുവരികയാണ്. എബോള ബാധിച്ചതായി സംശയിക്കപ്പെടുന്നവരുമായി ഇവർ സമ്പർക്കം പുലർത്തിയതായി ഞങ്ങൾ കരുതുന്നു.
അവർ ഐസലേഷനിലാണ്, പക്ഷേ അവരവരുടെ വീടുകളിലാണ്. സ്ഥിതി നിയന്ത്രണവിധേയമാണ്.. ഐൻബ്യൂണ പറഞ്ഞു. പടിഞ്ഞാറൻ ഉഗാണ്ടൻ ജില്ലയായ കബറോളിൽ (Kabarole) ടാൻസാനിയൻ പൗരനായ ഒരു ഡോക്ടർ ശനിയാഴ്ച എബോള ബാധിച്ച് മരിച്ചിരുന്നു. ഇപ്പോഴത്തെ എബോള വ്യാപനത്തിൽ മരണപ്പെടുന്ന ആദ്യത്തെ ആരോഗ്യ പ്രവർത്തകനാണ് ഈ ഡോക്ടർ.
ഇതേത്തുടർന്നാണ് രാജ്യത്ത് ആശങ്ക വർധിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഉഗാണ്ടയിൽ വീണ്ടും എബോള പൊട്ടിപ്പുറപ്പെട്ടതായി സ്ഥിരീകരിച്ചത്. 24കാരനായ യുവാവിനായിരുന്നു ആദ്യം വൈറസ് സ്ഥിരീകരിച്ചത്.
സെപ്റ്റംബർ 30ഓടെ രാജ്യത്ത് 38 കേസുകൾ സ്ഥിരീകരിക്കുകയും എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതായി ഉഗാണ്ടയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1976ൽ സുഡാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത എബോള വൈറസിന്റെ വകഭേദമാണ് നിലവിൽ ഉഗാണ്ടയിൽ വ്യാപിക്കുന്നത്. രാജ്യത്ത് പടരുന്ന എബോളയുടെ ഈ വകഭേദത്തിന് അംഗീകൃത വാക്സിനോ മരുന്നോ ചികിത്സയോ ലഭ്യമല്ലാത്തതാണ് ആശങ്ക വർധിക്കാൻ പ്രധാന കാരണം.നിലവിലെ വാക്‌സിനുകൾ ഈ വകഭേദത്തിന് ഫലപ്രദമല്ല എന്നാണ് വിദഗ്ധർ പറയുന്നത്.
seydr