അഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ സ്ഫോടനം; ഓടിയൊളിച്ച് താരങ്ങൾ

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബുളിൽ ക്രിക്കറ്റ് മത്സരത്തിനിടെ ബോംബ് സ്ഫോടനം. ഐപിഎൽ മാതൃകയിലുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെയാണു സ്ഫോടനമുണ്ടായത്. ഉടൻ താരങ്ങളെല്ലാം സുരക്ഷാകേന്ദ്രങ്ങളിലേക്കു ഓടി. അലോകോസെ കാബുൾ രാജ്യാന്തര സ്റ്റേഡിയത്തിലാണു സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് മത്സരം നടക്കുന്നതിനിടെ ഗാലറിയിലായിരുന്നു പൊട്ടിത്തെറി.
നിരവധി ആരാധകർക്കു പരുക്കേറ്റു. അഫ്ഗാനിസ്ഥാൻ പ്രീമിയർ ട്വന്റി20 മത്സരം കാണുന്നതിനായി യുഎന്നിന്റെ പ്രതിനിധികളും ഗാലറിയിലുണ്ടായിരുന്നു. പാമിർ സൽമി, ബന്ദ് ഇ അമിർ ഡ്രാഗൺസ് ടീമുകൾ തമ്മിലുള്ള മത്സരമായിരുന്നു സ്റ്റേഡിയത്തിൽ നടന്നിരുന്നുകൊണ്ടിരുന്നത്. സ്ഫോടനത്തിനു പിന്നാലെ മത്സരം നിർത്തിവച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. 2013ലാണ് ഐപിഎൽ മാതൃകയിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയത്.
ആദ്യം അഞ്ച് ടീമുകളാണു ടൂർണമെന്റിലുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാൻ രാജ്യാന്തര ക്രിക്കറ്റിൽ കരുത്തു നേടിയതോടെ മൂന്നു ടീമുകള്‍ കൂടി അഫ്ഗാൻ ലീഗിന്റെ ഭാഗമായി. താലിബാൻ ഭരണമേറ്റെടുത്ത ശേഷം തലസ്ഥാനമായ കാബുളിലടക്കം ഐഎസ് ഭീകരർ ആക്രമണം തുടങ്ങിയിരുന്നു. കഴിഞ്ഞ മേയിൽ ഐഎസ് നടത്തിയ നാല് സ്ഫോടനങ്ങളിൽ 14 പേരാണ് കൊല്ലപ്പെട്ടത്.