ശ്രീലങ്കയിൽ ഇന്ധനറേഷൻ ഏർപ്പെടുത്താൻ നീക്കം


സാന്പത്തിക പ്രതിസന്ധിയുടെ പേരിലുള്ള ജനകീയ പ്രക്ഷോഭത്തിൽ നിന്ന് കരകയറുന്നതിനുള്ള ശ്രമങ്ങൾക്കു ലങ്കയിൽ തുടക്കം. 20നു പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനൊപ്പം ഇന്ധനവിതരണത്തിന് റേഷൻ ഏർപ്പെടുത്തുന്നതുൾപ്പെടെ തീരുമാനങ്ങളിലേക്കും ഭരണ നേതൃത്വം എത്തി.തലസ്ഥാനമായ കൊളംബോയിലെ സൂപ്പർ മാർക്കറ്റിൽപോലും അവശ്യവസ്തുക്കൾക്കു കടുത്ത ക്ഷാമമാണ്. മുട്ടയും ബ്രഡും ഉൾപ്പെടെ ലഭിക്കുന്നില്ല. ഇന്ധനവിതരണം നിലച്ചതോടെ ഭക്ഷണസാധനങ്ങളുടെ വിതരണവും വെല്ലുവിളിയായിരിക്കുകയാണ്.

സാന്പത്തിക പ്രതിസന്ധി തുടരുന്പോഴും ഇന്ധനവും പാചകവാതകവും അവശ്യവസ്തുക്കളും ജനങ്ങളിലെത്തിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി ആക്ടിംഗ് പ്രസിഡന്‍റ് റെനിൽ വിക്രമസിംഗെ അറിയിച്ചു. ഇന്ധനവും വളവും കൃത്യമായും കാര്യക്ഷമമായും വിതരണം ചെയ്യുന്നതിനു പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരകേന്ദ്രങ്ങൾ ബുദ്ധിമുട്ടില്ലാതെ പ്രവർത്തിക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കുമെന്നും അഴിമതിക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെ ഇന്ധനവിതരണത്തിന് ദേശീയപാസ് കൊണ്ടുവരുമെന്ന് ഊര്‍ജമന്ത്രി കാഞ്ചന വിജിശേഖര പറഞ്ഞു. ആഴ്ചയിലൊരിക്കല്‍ നിശ്ചിത അളവില്‍ ഇന്ധനം ജനങ്ങൾക്കു നൽകുന്നതിന് ദേശീയ തെരഞ്ഞെടുപ്പ് കാര്‍ഡിന്‍റെ അടിസ്ഥാനത്തില്‍ ക്യൂ ആര്‍ കോഡ് ഏര്‍പ്പെടുത്തും. റഷ്യയില്‍നിന്ന് ഇന്ധനം എത്തിക്കാനുള്ള ആദ്യഘട്ട ചര്‍ച്ച റഷ്യയില്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.ഇതോടൊപ്പം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള നടപടികളിലേക്കും ശ്രീലങ്ക നീങ്ങി. ആക്ടിംഗ് പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെ, മുഖ്യപ്രതിപക്ഷമായ സമാഗി ജന ബലവേഗേയ നേതാവ് സജിത് പ്രേമദാസ, ഭരണകക്ഷിയായ എസ്എൽപിപിയുടെ വിഘടിതവിഭാഗം നേതാവ് ദുള്ളാസ് അലഹപ്പെരുമ എന്നിവർക്കൊപ്പം ഇടതുകക്ഷിയായ എന്‍പിപിയുടെ നേതാവ് അനുര കുമാര ദിസനായകെയും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതെന്നു പാര്‍ലമെന്‍റ് സെക്രട്ടറി ജനറല്‍ അറിയിച്ചു. ഒന്നിലേറെ പത്രികകള്‍ ലഭിച്ചാല്‍ 20 ന് വോട്ടെടുപ്പിലൂടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണം എന്നതാണ് ചട്ടമെന്നും അദ്ദേഹം പാർലമെന്‍റിനെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed