ആക്രമണം കടുപ്പിച്ച് റഷ്യ; ആൾനാശമേറുന്നു

യുക്രെയ്ൻ നഗരങ്ങൾക്കുനേരേ റഷ്യ ആക്രമണം കടുപ്പിച്ചതോടെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. വടക്കൻ യുക്രെയ്നിലെ ചുഹുയിവിൽ റഷ്യൻ ആക്രമണത്തിൽ മൂന്നുപേരാണു കൊല്ലപ്പെട്ടത്. മൂന്നു പേർക്കു പരിക്കേറ്റു.
റഷ്യൻ അതിർത്തിയിൽനിന്ന് 120 കിലോമീറ്റർ മാത്രമാണ് ചുഹുയിവിലേക്കുള്ള ദൂരം. റഷ്യൻ നഗരമായ ബെൽഗറോഡിൽനിന്നാണ് റോക്കറ്റ് തൊടുത്തതെന്നു ഖാർകിവ് മേഖലാ പോലീസ് തലവവൻ പറഞ്ഞു. ആക്രമണത്തിൽ രണ്ടുനില കെട്ടിടം പൂർണമായി തകർന്നടിഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്.സമീപമായ സുമിയിൽ റഷ്യൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അതിർത്തിപ്രദേശത്ത് സൈനികടാങ്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. കുറഞ്ഞത് ഏഴുപേർക്കു പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ യുക്രെയ്നിലെ ഡോൺസ്റ്റെകിൽ ശനിയാഴ്ച അവസാനിച്ച 24 മണിക്കൂറിനുള്ളിൽ ഏഴു സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. 14 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
എന്നാൽ മേഖലയിലെ തന്ത്രപ്രധാനമായ കിഴക്കൻ ഹൈവേയിൽ യുക്രെയ്ൻ കനത്ത പ്രത്യാക്രമണം നടത്തിയെന്ന് ലുഹാൻസ്ക് മേഖലാ ഗവർണർ സെർഹി ഹൈദായി പറഞ്ഞു. രണ്ടുമാസത്തിലേറെയായി ലിസിച്ചാൻസ്കിനെയും ബക്മുടിനെയും ബന്ധിപ്പിക്കുന്ന റോഡ് പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുകയാണ്. റോഡിന്‍റെ ഭൂരിഭാഗവും ഇപ്പോഴും യുക്രെയ്ൻ നിയന്ത്രണത്തിലാണെന്നും ടെലഗ്രാം പോസ്റ്റിൽ ഹൈദായി വ്യക്തമാക്കി. യുക്രെയിനിലെന്പാടും ആക്രമണം ശക്തമാക്കാനാണ് റഷ്യൻ പ്രതിരോധസേനാ തലവൻ സൈന്യത്തിനു നിർദേശം നൽകിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.