കൈക്കൂലി ആരോപണം: ശ്രീലങ്കൻ മന്ത്രി രാജിവച്ചു

സാന്പത്തിക പ്രതിസന്ധി മറികടക്കാൻ പെടാപ്പാടു പെടുന്ന ശ്രീലങ്കയിൽ രാഷ്‌ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് തുറമുഖ-വ്യോമയാന മന്ത്രി നിർമൽ സിരിപാല ഡിസിൽവ രാജിവച്ചു. പ്രധാനമന്ത്രി വിക്രമസിംഗെ ധനമന്ത്രിയുടെ ചുമതല ഒഴിയണമെന്നു ഭരണസഖ്യത്തിലെ ചിലർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ജാപ്പനീസ് കന്പനിയിൽനിന്നു കൈക്കൂലി വാങ്ങാൻ ശ്രമിച്ചുവെന്നു പ്രതിപക്ഷം ആരോപിച്ചതിനെത്തുടർന്നാണു ഡിസിൽവയുടെ രാജി.നിക്ഷേപപ്രോത്സാഹന വകുപ്പു മന്ത്രി ധാമിക പെരേര ആണു പ്രധാനമന്ത്രിക്കെതിരേ ശബ്ദമുയർത്തിയിരിക്കുന്നത്. വിദേശനിക്ഷേപത്തിനു സഹായിക്കുന്ന ചില പദ്ധതികൾക്കു വിക്രമസിംഗെ തടസം നിന്നുവെന്നും അദ്ദേഹം ധനമന്ത്രിപദവി വഹിക്കരുതെന്നുമാണു പെരേര ആവശ്യപ്പെട്ടത്.