ബ്രിട്ടീഷ് ധനമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവെച്ചു; ബോറിസ് ജോൺസന് കനത്ത തിരിച്ചടി


ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനകാര്യമന്ത്രി ഋഷി സുനക്, ആരോഗ്യ മന്ത്രി സാജിദ് ജാവേദ് എന്നിവർ രാജിവെച്ചു. ബോറിസ് ജോൺസൺ സർക്കാറിന്‍റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് ഇരുവരുടെയും രാജി. പല കോണുകളിൽ നിന്നും വിമർശനങ്ങളുയരുന്ന പശ്ചാത്തലത്തിൽ ധനമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും രാജി സർക്കാറിന് കനത്ത തിരിച്ചടിയായി.

ഭരണകൂടം ശരിയായും കാര്യക്ഷമതയോടെയും ഗൗരവത്തോടെയും മുന്നോട്ടുപോകണമെന്നാണ് പൊതുജനം പ്രതീക്ഷിക്കുന്നതെന്ന് ഋഷി സുനക് പറഞ്ഞു. സർക്കാറിൽനിന്ന് പിൻമാറുന്നതിൽ സങ്കടമുണ്ടെങ്കിലും ഇത്തരത്തിൽ നമുക്ക് മുന്നോട്ടുപോകാനാകില്ലെന്ന് സുനക് രാജിക്കത്തിൽ കുറിച്ചു. 

നല്ല നിലയിൽ മുന്നോട്ടു പോകാൻ ഇനി ബോറിസ് ജോൺസന് സാധിക്കില്ലെന്ന പ്രഖ്യാപനത്തോടെ ആരോഗ്യ മന്ത്രി സാജിദ് ജാവിദാണ് ആദ്യം രാജി പ്രഖ്യാപിച്ചത്.ദേശീയതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണുമേലുള്ള വിശ്വാസം ജനങ്ങൾക്കും ജനപ്രതിനിധികൾക്കും നഷ്ടപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നാലെ ഋഷി സുനകും രാജി പ്രഖ്യാപിക്കുകയായിരുന്നു.

You might also like

Most Viewed