കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യത്ത് ആയുധങ്ങൾ നിരോധിക്കണമെന്ന് ജോ ബൈഡൻ


അമേരിക്കയിൽ തുടർച്ചയായി നടക്കുന്ന വെടിവെയ്പിൽ ആശങ്കയറിയിച്ച് പ്രസിഡന്റ് ജോ ബൈഡൻ. കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യത്ത് ആയുധങ്ങൾ നിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇല്ലെങ്കിൽ ആയുധം വാങ്ങാനുള്ള കുറഞ്ഞ പ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തണമെന്നും ബൈഡൻ അഭിപ്രായപ്പെട്ടു. ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് രാജ്യത്ത് നിരോധിക്കണം. അതിന് ആയുധങ്ങൾ വാങ്ങാനുള്ള പ്രായം വർദ്ധിപ്പിക്കുകയാണ് വേണ്ടത്. ഉയർന്ന ശേഷിയുള്ള ആയുധങ്ങളും നിരോധിക്കണം. സുരക്ഷാ നിയമങ്ങൾ കർശനമാക്കണമെന്നും രാജ്യത്ത് തോക്ക് നിർമ്മാതാക്കളെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത് ആരുടെയും അവകാശങ്ങൾ കവർന്നെടുക്കലല്ല. മറിച്ച് കുട്ടികളെയും കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. വെടിയേൽക്കാതെ സ്‌കൂളിലും പള്ളിയിലും പോകാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കലാണ് ലക്ഷ്യമിടുന്നത് എന്ന് ബൈഡൻ പറഞ്ഞു. ജനങ്ങളെ തോക്ക് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കില്ലെന്നും, എന്നാൽ ഉത്തരവാദിത്വമില്ലാത്തവർക്ക് ഇനി ഇത്തരം ആയുധങ്ങൾ അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനസുരക്ഷ കണക്കിലെടുത്താണ് ബൈഡന്റെ തീരുമാനം.

കഴിഞ്ഞ മെയ് 24ന് ടെക്‌സസിലെ സ്‌കൂളിൽ നടന്ന വെടിവെയ്പിൽ 19 കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടിരുന്നു. 2018 ൽ ഫ്‌ളോറിഡയിലെ ഹൈസ്‌കൂളിൽ നടന്ന വെടിവെയ്പിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമായിരുന്നു അത്. അന്ന് 17 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഒക്ലഹോമയിലെ ആശുപത്രിയിലും സമാനമായ രീതിയിൽ വെടിവെയ്പുണ്ടായി. നാൽ പേരാണ് ആക്രമണത്തിൽ മരിച്ചത്. ഇത് തുടർക്കഥയായതോടെയാണ് ആയുധങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ ബൈഡൻ തീരുമാനിച്ചത്.

You might also like

Most Viewed