ശ്രീലങ്കയിൽ മഹിന്ദ രജപക്‌സെയുടെ മകനടക്കം മുഴുവൻ മന്ത്രിമാരും രാജിവെച്ചു

ശ്രീലങ്കയിൽ സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനരോഷം ശക്തമായ സാഹചര്യത്തിൽ 26 മന്ത്രിമാരുടെയും രാജി സ്വീകരിച്ചതായി ലങ്കൻ പ്രസിഡന്‍റ് ഗോട്ടബയ രജപക്സെ. പ്രധാനമന്ത്രി മഹിന്ദ രജപക്സെ പ്രസിഡന്‍റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മന്ത്രിമാരുടെ രാജി സ്വീകരിച്ചത്. പ്രതിസന്ധിയെ നേരിടാൻ വേണ്ടി പുതിയ സർവ കക്ഷി സർക്കാർ ഉണ്ടാക്കാനാണ് തീരുമാനം. മന്ത്രിസഭയിൽ ചേരാൻ പ്രതിപക്ഷ പാർട്ടികളെ പ്രസിഡന്‍റ് ക്ഷണിച്ചിട്ടുണ്ട്. പാർലമെന്‍റിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികൾക്കും മന്ത്രിസ്ഥാനമുണ്ടാകുമെന്ന് പ്രസിഡന്‍റ് ഗോട്ടബയ രജപക്സെ അറിയിച്ചു. പതിനേഴ് പാർട്ടികൾ അടങ്ങുന്ന ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പേരമന മുന്നണിയിലും ഭിന്നത രൂക്ഷമായതോടെയാണ് ലങ്കൻ സർക്കാർ അസാധാരണ തീരുമാനം എടുത്തത്. ഇതിനിടെ, കേന്ദ്ര ബാങ്കിന്‍റെ മേധാവി അജിത് നിവാർഡ് കബ്രാലും രാജിവച്ചു. എല്ലാ കാബിനറ്റ് മന്ത്രിമാരും രാജിവച്ച സാഹചര്യത്തിൽ താനും രാജിവയ്ക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. നേരത്തെ, മഹിന്ദ രാജപക്‌സെ രാജിവച്ചതായി റിപ്പോർട്ട് വന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് നിഷേധിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. രാജി വാർത്ത അന്താരാഷ്ട്രത്തലത്തിൽ ചർച്ചയായതോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം.
അതേസമയം, സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കടുത്ത പ്രതിഷേധം തുടരുകയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ 600 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരുന്നു. കൊളംബോയിലെ സ്വാതന്ത്ര്യ ചത്വരത്തിലേക്കു പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തി. ശ്രീലങ്കയിൽ അവശ്യസാധനങ്ങളുടെ ക്ഷാമം നേരിടുകയാണ്. ഇതിനെതിരേ സമൂഹമാധ്യമങ്ങളിലൂടെയും സർക്കാർവിരുദ്ധ പ്രതിഷേധത്തിന് ആഹ്വാനം ഉയരു ന്നുണ്ട്. ഇതു തടയാനാണ് ഭരണകൂടം 36 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയെങ്കിലും 15 മണിക്കൂറിന് ശേഷം പിൻവലിച്ചു. വാട്സ്ആപ്, ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, സ്പാചാറ്റ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾക്കാണ് ഏർപ്പെടുത്തിയ നിരോധനമാണു പിൻ വലിച്ചത്.