ക്രൂഡ് ഓയിൽ കുതിക്കുന്നു, ആശങ്കയിൽ ലോകരാജ്യങ്ങൾ
റഷ്യ- യുക്രെയ്ൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ രാജ്യന്തരവിപണിയിലെ അസംസ്കൃത എണ്ണവിലയും കുതിച്ചുയരുകയാണ്. ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിനു 118 യുഎസ് ഡോളറിലെത്തി. 2013 ഓഗസ്റ്റിനുശേഷമുണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ബുധനാഴ്ച 113.02 ഡോളർ എന്ന നിലയിലായിരുന്നു ബാരലിനു ബ്രെന്‍റ് ക്രൂഡ് ഓയിൽ വില.
കൂടുതൽ എണ്ണ വിപണിയിലെത്തിയാലും ക്രൂഡ് വില ഉയർന്ന തലത്തിൽതന്നെ തുടരുമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 20 ശതമാനത്തിലേറെ വർധനയാണു ക്രൂഡ് വിലയിലുണ്ടായിരിക്കുന്നത്. അതേ സമയം തെരഞ്ഞെടുപ്പ് അവസാനിക്കുന്ന പശ്ചാത്തലത്തിൽ അടുത്തയാഴ്ച മുതൽ ഇന്ത്യയിലും പ്രെട്രോളിനും ഡിസലിനും വില കൂടുമെന്നാണു വിലയിരുത്തൽ. ക്രൂഡ് വില ഉയർന്നതിനാൽ പ്രെട്രോൾ വിതരണ കമ്പനികൾ നഷ്ടത്തിലാണു നിലവിൽ വില്പന നടത്തുന്നത്.

