യുദ്ധം തിരിച്ചടിയാകും; ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക തിരിച്ചുവരവ് വൈകുമെന്ന് ഐ.എം.എഫ്


ശാരിക

ബാങ്കോക്ക്: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾ ക്രമേണ കരകയറുമെങ്കിലും, യുദ്ധത്തിന് മുമ്പുണ്ടായിരുന്ന വളർച്ചാ പാതയിലേക്ക് അതിവേഗം മടങ്ങിയെത്താനാകില്ലെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) മുന്നറിയിപ്പ് നൽകി. മേഖലയിലെ സംഘർഷം ഊർജമേഖല, അടിസ്ഥാന സൗകര്യങ്ങൾ, അന്താരാഷ്ട്ര വ്യാപാരം എന്നിവയെ പ്രതികൂലമായി ബാധിച്ചതാണ് സാമ്പത്തിക തിരിച്ചുവരവിന് തടസ്സമാകുന്നത്. സമുദ്രമാർഗമുള്ള എണ്ണ, ഗ്യാസ് ഗതാഗതത്തിന് നേരിടുന്ന തടസ്സങ്ങൾ ഗൾഫ് മേഖലയുടെ സാമ്പത്തിക സുരക്ഷിതത്വത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.

ഇറാനിൽ ആരംഭിച്ച് സൗദി അറേബ്യയിലേക്കും യെമനിലേക്കും പടർന്ന യുദ്ധം അടിസ്ഥാന സൗകര്യങ്ങൾക്ക് വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇവ പുനർനിർമിക്കുന്നതിനും ഭാവിയിലെ പ്രതിസന്ധികൾ പ്രതിരോധിക്കുന്നതിനും വലിയ തുക അധികമായി ചെലവഴിക്കേണ്ടി വരും. ഐ.എം.എഫ് ചൊവ്വാഴ്ച പുറത്തുവിട്ട സാമ്പത്തിക പ്രവചനമനുസരിച്ച്, സംഘർഷത്തിന്റെ നേരിട്ടുള്ള ആഘാതം അനുഭവിക്കുന്ന മിഡിലീസ്റ്റിലെയും മധ്യേഷ്യയിലെയും സമ്പദ്‌വ്യവസ്ഥകൾ 2026-ൽ 0.3 ശതമാനം ചുരുങ്ങും. സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചയിൽ 3.3 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും ഇത് രാജ്യത്തെ അപൂർവമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു.

ബാങ്കോക്കിൽ ആഗോള സാമ്പത്തിക വിദഗ്ധരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഉയർന്ന ഊർജവില, ആഗോള സാമ്പത്തിക അനിശ്ചിതത്വം, ഐ.ടി-എ.ഐ മേഖലകളിലെ മാറ്റങ്ങൾ എന്നിവയ്‌ക്കൊപ്പം പശ്ചിമേഷ്യൻ സാഹചര്യങ്ങളും വിശദമായി ചർച്ച ചെയ്തത്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, ഊർജ സ്ഥാപനങ്ങൾ, അരാംകോ ആസ്ഥാനം എന്നിവയ്ക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി, സൗദിയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആഗോള തലത്തിൽ ജനങ്ങളെ ബാധിക്കുമെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ചാലും സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനത്തിനും പുനർനിർമാണത്തിനും കൂടുതൽ സമയമെടുക്കുമെന്നതാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed