താക്കോൽ വാങ്ങാൻ മടിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നിയമനിർമ്മാണത്തിന് ബഹ്റൈൻ പാർലമെന്റ്
പ്രദീപ് പുറവങ്കര
മനാമ: വാടക വീടുകളും സ്ഥാപനങ്ങളും ഒഴിഞ്ഞിട്ടും കെട്ടിട ഉടമകൾ താക്കോൽ സ്വീകരിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് വാടകക്കാർ നേരിടുന്ന സാമ്പത്തിക ബാധ്യതകൾക്കും അനിശ്ചിതത്വത്തിനും പരിഹാരം കാണാൻ ബഹ്റൈൻ റിയൽ എസ്റ്റേറ്റ് വാടക നിയമത്തിൽ സുപ്രധാന ഭേദഗതിക്ക് പാർലമെന്റ് ഒരുങ്ങുന്നു. ശൂറ കൗൺസിൽ തത്വത്തിൽ തള്ളിക്കളഞ്ഞ ഈ ബില്ലിൽ പാർലമെന്റിന്റെ മുൻ നിലപാടിൽ തന്നെ ഉറച്ചുനിൽക്കാൻ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് അഫയേഴ്സ് കമ്മിറ്റി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു.
ഒഴിയാൻ തയ്യാറായിട്ടും ഉടമസ്ഥർ താക്കോൽ കൈപ്പറ്റാത്ത സാഹചര്യങ്ങളിൽ വാടകക്കാർക്ക് വ്യക്തവും ന്യായവുമായ നിയമവഴി ലഭ്യമാക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് കമ്മിറ്റി ചെയർമാൻ എം.പി ഹിഷാം അൽ അവാധി വ്യക്തമാക്കി. ഈ പുതിയ ഭേദഗതി നിർദേശം അനുസരിച്ച് , ന്യായമായ കാരണങ്ങളില്ലാതെ ഉടമ താക്കോൽ സ്വീകരിക്കാൻ മടിച്ചാൽ, രജിസ്റ്റർ തപാൽ വഴിയോ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയോ വാടകക്കാരന് ഔദ്യോഗികമായി നോട്ടീസ് അയക്കാം. ഒരു മാസത്തിന് ശേഷവും ഉടമ വസ്തു ഏറ്റെടുത്തില്ലെങ്കിൽ, വാടകക്കാരന് കോടതിയെ സമീപിച്ച് താക്കോൽ കോടതിയിൽ നിക്ഷേപിക്കാം. കോടതി അത് ശരിവെക്കുന്ന തീയതി മുതൽ വാടക നൽകാനുള്ള ബാധ്യതയിൽ നിന്ന് വാടകക്കാരൻ ഒഴിവാകും.
കൂടാതെ, കരാർ കാലാവധി പൂർത്തിയായ ശേഷം പുതിയ കരാർ ഉണ്ടാക്കാതെ തുടരുന്ന സാഹചര്യങ്ങളിൽ, നിലവിലെ നിയമപ്രകാരം പഴയ കരാറിന്റെ അത്രയും കാലയളവിലേക്ക് (ഉദാഹരണത്തിന് 5 വർഷത്തെ കരാറാണെങ്കിൽ വീണ്ടും 5 വർഷത്തേക്ക്) സ്വയം നീട്ടിനൽകുന്ന വ്യവസ്ഥ മാറ്റി, ഇത് പരമാവധി ഒരു വർഷമായി പരിമിതപ്പെടുത്താനും ഭേദഗതി നിർദ്ദേശിക്കുന്നു. എന്നാൽ നിലവിലുള്ള സിവിൽ, വാണിജ്യ നിയമങ്ങൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമാണെന്നും, ഒരു വർഷത്തെ പരിധി കരാറുകളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാരും നീതി ന്യായ മന്ത്രാലയവും ബില്ലിനെ എതിർത്തിട്ടുണ്ട്.
asdad

