യെമൻ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; അഞ്ച് മരണം
ശാരിക
ഏദൻ: യെമൻ സർക്കാരിന്റെ ആസ്ഥാനമായ ഏദനിലെ പ്രസിഡൻഷ്യൽ കൊട്ടാര സമുച്ചയത്തിന് നേരെ ഹൂതികളുടെ രൂക്ഷമായ ആക്രമണം. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി ഷായ അൽ സിന്ദാനിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ 16 പേർക്ക് പരിക്കേറ്റതായും യെമൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സുരക്ഷാ ജീവനക്കാരും കൊട്ടാരത്തിലെ മറ്റ് ജീവനക്കാരുമാണെന്ന് യെമൻ ആരോഗ്യവകുപ്പ് മന്ത്രി ഖാസിം മുഹമ്മദ് ബുഹൈബൈ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രിയും മറ്റ് ഉന്നത നേതാക്കളും സുരക്ഷിതരാണെന്ന് യെമൻ സർക്കാർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കൊട്ടാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സൗദി സൈനിക ഓപ്പറേഷൻസ് സെന്ററായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഹൂതികൾ വ്യക്തമാക്കിയിട്ടുണ്ട്.
2014-ൽ യെമന്റെ ഔദ്യോഗിക തലസ്ഥാനമായ സന ഹൂതി വിമതർ പിടിച്ചെടുത്തതിനെ തുടർന്നാണ് അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാർ ഏദനെ തങ്ങളുടെ താത്കാലിക ആസ്ഥാനമാക്കിയത്. സൗദി അറേബ്യയുടെ പിന്തുണയോടെയാണ് യെമൻ സർക്കാർ ഹൂതികളെ നേരിടുന്നത്. നിലവിലെ ആക്രമണത്തോടെ മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും വൻ തോതിൽ രൂക്ഷമായിരിക്കുകയാണ്.
sdfsdf

