അമേരിക്കയിലെ സുരക്ഷ മേഖലയിൽ കറങ്ങി നടന്ന കോഴി കസ്റ്റഡിയിൽ

അമേരിക്കയിലെ സുരക്ഷ മേഖലയിൽ കറങ്ങി നടന്ന കോഴി കസ്റ്റഡിയിൽ. അമേരിക്കയിലെ പെന്റഗണിലാണ് ഈ വിചിത്ര നടപടി. യു.എസ് ഡിപാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് ആസ്ഥാനത്തിന് സമീപം അലഞ്ഞ് തിരിഞ്ഞ് നടന്ന കോഴിയെയാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്. കോഴി എവിടെ നിന്നാണ് വന്നതെന്നോ എങ്ങനെയാണ് പെന്റഗണിൽ എത്തിയതെന്നോ വ്യക്തമല്ല. ആർലിങ്ടണിലെ ആനിമൽ വെൽഫെയർ ഓർഗനൈസേഷനിലെ ജീവനക്കാർ കറങ്ങിനടന്ന കോഴിയെ കണ്ടെത്തി പിടികൂടുകയായിരുന്നു.
കോഴിക്ക് ഹെന്നി പെന്നി എന്നാണ് പേര് നൽകിയിരിക്കുന്നത്. സുരക്ഷാ ചെക്ക് പോസ്റ്റിൽ ആണ് കോഴി ഉണ്ടായിരുന്നത് എന്ന് വക്താവായ ചെൽസി ജോണ്‍സ് പറഞ്ഞു. ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ സാമൂഹ്യ മാധ്യമങ്ങളിലാണ് ഇക്കാര്യം അറിയിച്ചത്. കോഴിയെ ചാരവൃത്തിക്കായി ആരെങ്കിലും അയച്ചതാണോ വഴിതെറ്റി വന്നതാണോ എന്നും സംശയമുണ്ട്. കോഴിക്ക് വേണ്ടി പ്രത്യേക കൂടൊരുക്കി വെസ്റ്റേൺ വിർജീനിയയിൽ ഉള്ള ഫാമിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.