1993ലെ മുംബൈ സ്‌ഫോടനക്കേസ്: യുഎഇയിൽ അറസ്റ്റിലായ മുഖ്യപ്രതി അബുബക്കറെ ഇന്ത്യയ്ക്ക് കൈമാറും

1993ലെ മുംബൈ സ്‌ഫോടനക്കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതികളിൽ ഒരാളായ അബുബക്കർ യുഎഇയിൽ അറസ്റ്റിൽ. പ്രതിയെ ഉടൻതന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് സൂചന. മുംബൈയിൽ പലയിടങ്ങളിൽ നടന്ന പന്ത്രണ്ടോളം സ്‌ഫോടനങ്ങളിൽ 257 പേരാണ് മരണമടഞ്ഞത്. 713 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാകിസ്താന്‍ അധിനിവേശ കശ്മീരിൽ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതിൽ പരിശീലനം നേടിയ ഭീകരനാണ് അബുബക്കർ. സ്‌ഫോടന പരന്പരയ്ക്കുള്ള ആർ.ഡി.എക്‌സ് വച്ചതും ദാവൂദ് ഇബ്രാഹിമിന്റെ ദുബൈയിലെ വസതിയിൽ ഗൂഢാലോചന നടത്തിയതിലും പദ്ധതി തയ്യാറാക്കിയതിലും അബുബക്കറിന് പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
കഴിഞ്ഞ 29 വർഷമായി ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന കൊടുംകുറ്റവാളിയാണ് അബുബക്കർ. അബുബക്കർ അബ്ദുൾ ഗഫൂർ ഷെയ്ഖ് എന്നാണ് മുഴുവൻ പേര്. ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുയായികളായ മുഹമ്മദ്, മുസ്തഫ ദോസ്സ എന്നിവർക്കൊപ്പം കള്ളക്കടത്തായിരുന്നു ഇയാളുടെ പ്രധാന ജോലി. സ്വർണം, വിലകൂടിയ വസ്ത്രങ്ങൾ, ഇലക്‌ട്രോണിക്‌സ് എന്നിവ ഗൾഫ് രാജ്യങ്ങളിൽ നിന്നും മുംബൈയിലും സമീപ പ്രദേശങ്ങളിലും എത്തിക്കുകയായിരുന്നു കള്ളക്കടത്തിന്റെ രീതി. 1997ൽ ഇയാൾക്കെതിരെ പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.