വാക്സിൻ സ്വീകരിക്കാത്ത സൈനികരെ പുറത്താക്കാനൊരുങ്ങി യു.എസ്

കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന സൈനികരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ച് യു.എസ്. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവും യു.എസ് പുറത്തിറക്കി. സൈന്യത്തിനെ എപ്പോഴും തയ്യാറാക്കി നിർത്തുന്നതിന് ഇത് അത്യാവശ്യമാണെന്ന് യു.എസ് സൈന്യം അറിയിച്ചു.
യു.എസ് ആർമിയിലെ പട്ടാളക്കാർ, മിലിറ്ററി ബേസിലെ മുഴുവൻ സമയ ജീവനക്കാർ, കേഡറ്റുകൾ എന്നിവർക്കാണ് ഉത്തരവ് ബാധകമാവുക. എന്നാൽ, വാക്സിനിൽ പ്രത്യേക ഇളവ് അനുവദിച്ചവർക്ക് ഇത് ബാധകമാവില്ലെന്ന അറിയിപ്പും നൽകിയിട്ടുണ്ട്. 2021 ആഗസ്റ്റിൽ, എല്ലാ സൈനികർക്കും വാക്സിൻ നിർബന്ധമാക്കി പെന്റഗൺ ഉത്തരവിറക്കിയിരുന്നു. ഇതേതുടർന്നാണ് വാക്സിൻ സ്വീകരിക്കാത്തവരെ ഇപ്പോൾ പുറത്താക്കാനുള്ള നടപടി ആരംഭിച്ചിരിക്കുന്നത്.
അതേസമയം, യു.എസിലെ ഭൂരിപക്ഷം സൈനികർക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. ഇതുവരെ 79 സൈനികരാണ് കോവിഡ് ബാധിച്ച് മരിച്ചത്. വാക്സിൻ സ്വീകരിക്കാത്ത സൈനികർ സൈന്യത്തിന് തന്നെ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യു.എസ് വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കാത്ത സൈനികരെ നേരത്തെ തന്നെ യു.എസ് എയർഫോഴ്സ് പുറത്താക്കിയിരുന്നു.