വിഷാംശം കലർന്ന മയക്കുമരുന്ന് കഴിച്ച് അർജന്റീനയിൽ 20 മരണം


വിഷാംശം കലർന്ന മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് അർജന്റീനയിൽ 20പേർ മരിച്ചു. 74പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മയക്കുമരുന്നിൽ എന്താണ് ചേർത്തതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ 24മണിക്കൂറിനിടെ മയക്കുമരുന്ന് വാങ്ങിയവർ അത് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും നൽകി.

മൂന്ന് ആശുപത്രികളിൽ ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് അധികൃതർ അടിയന്തരമായി മുന്നറിയിപ്പ് നൽകിയത്. തുടർന്ന് നിരവധി പേരെ വിഷബാധ കാരണം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ പലരും ഒരുമിച്ച് മയക്കുമരുന്ന് വാങ്ങി കഴിച്ചവരാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവരിൽ ഹൃദയാഘാതം ഉണ്ടാകുന്നതായും റിപ്പോർട്ടിൽ പറയുന്നു.

മയക്കുമരുന്ന് വിൽപ്പന നടത്തിയെന്ന് സംശയിക്കുന്ന പത്തോളം പേരെ ഇതിനകം അറസ്റ്റു ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചവരുടെ വീടുകളിൽ നിന്നും പാക്കറ്റുകൾ കണ്ടെടുത്തു. ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ തലസ്ഥാനമായ ലാ പ്ലാറ്റയിലെ ലബോറട്ടറിയിൽ മരുന്നുകൾ പരിശോധനയ്‌ക്കായി കൊണ്ടുപോയിരിക്കുകയാണ്.

മയക്കുമരുന്ന് വ്യാപാരികൾ മായം കലർത്തുന്നതിനായി പലപ്പോഴും അന്നജം പോലുള്ള പദാർത്ഥങ്ങൾ കലർത്താറുണ്ട്. ഇത് അത്തരത്തിൽ സംഭവിച്ചതാകാം. അല്ലെങ്കിൽ മയക്കുമരുന്ന് കച്ചവടക്കാർ തമ്മിലുണ്ടായ പ്രശ്നത്തിന്റെ പേരിൽ വിഷം കലർത്തിയതാവാം എന്നീ നിഗമനങ്ങളിലാണ് അധികൃതർ എത്തിയത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല. യുവാക്കളെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ പ്രതിഷേധം നടക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed