ആക്രിക്കടയിൽ നിന്നും കസേര വാങ്ങിയത് 500 രൂപക്ക്; ലേലത്തിൽ വിറ്റത് 16 ലക്ഷത്തിന്!

ഒരു യുവതി ആക്രിക്കടയിൽ നിന്നും വെറും 500 രൂപക്ക് വാങ്ങിയ കസേര ലേലത്തിൽ വിറ്റുപോയത് 16.4 ലക്ഷത്തിന്. സംഭവം നടന്നത് യുകെയിൽ. യുകെ ഈസ്റ്റ് സസെക്സിലെ ബ്രൈറ്റണിലെ ഒരു കടയിൽ നിന്നാണ് യുവതി കസേര വാങ്ങിയത്. എന്നാൽ വാങ്ങുന്പോൾ ഇതിന്‍റെ മൂല്യമൊന്നും യുവതിക്കറിയില്ലായിരുന്നു. ഒരു പുരാവസ്തു ഗവേഷകനുമായ ബന്ധപ്പെട്ടപ്പോഴാണ് കസേര ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഓസ്ട്രിയയിലെ വിയന്നയിലുള്ള അവന്‍റ്−ഗാർഡ് ആർട്ട് സ്കൂളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയത്.
1902ൽ പ്രശസ്ത ഓസ്ട്രിയൻ ചിത്രകാരൻ കൊളോമാൻ മോസർ ആണ് ഈ കസേര രൂപകൽപന ചെയ്തത്. പരന്പരാഗത രീതിയിൽ നിന്നും വ്യതിചലിച്ച വിയന്ന സെസെഷൻ പ്രസ്ഥാനത്തിലെ കലാകാരനായിരുന്നു മോസർ. 18ആം നൂറ്റാണ്ടിലെ പരന്പരാഗത ഗോവണി−പിന്നൽ കസേരയുടെ ആധുനിക രൂപമാണ് ഈ കസേര. ഇരിപ്പിടത്തിലും കസേരയുടെ പിൻഭാഗത്തും ഉള്ള വെബ്ബിങ്ങിന്റെ ചെക്കർബോർഡ് പോലെയുള്ള ഗ്രിഡാണ് പ്രധാന അലങ്കാര ഘടകം. ലേലത്തിൽ വച്ച കസേര ഒരു ഓസ്ട്രിയൻ വംശജൻ 16.4 ലക്ഷം രൂപയ്ക്ക് വാങ്ങുകയായിരുന്നു.