ജർമ്മനിയിൽ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്
                                                            മ്യൂണിക്ക്: ജർമൻ നഗരമായ മ്യൂണിക്കിൽ രണ്ടാം ലോക മഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പ്രധാന റെയിൽ േസ്റ്റഷന് സമീപം ഡോണേഴ്‌സ്‌ബെർഗർ ബ്രിഡ്ജിനടുത്ത് ടണൽ പണിക്കിടെയാണ് സ്ഫോടനം നടന്നതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനത്തിന്‍റെ ശക്തിയിൽ ഒരു എക്‌സ്‌കവേറ്റർ മറിഞ്ഞു. സ്ഫോടനത്തെത്തുടർന്നു മ്യൂണിക്കിന്‍റെ പല ഭാഗങ്ങളിലും ട്രെയിൻ ഗതാഗതം സ്തംഭിച്ചു.
250 കിലോഗ്രാം ഭാരമുള്ള ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ബവേറിയൻ ആഭ്യന്തര മന്ത്രി ജോക്കിം ഹെർമൻ പറഞ്ഞു. വലിപ്പവും രൂപവും വലിശ ശക്തിയുള്ള ബോംബാണ് പൊട്ടിത്തെറിച്ചതെന്ന സൂചനയാണ് നൽകുന്നതെന്ന് സ്ഥലത്തെത്തിയ വിദഗ്ധർ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏഴുപതിലധികം വർഷം കഴിഞ്ഞിട്ടും യുദ്ധത്തിന്‍റെ കേന്ദ്രസ്ഥാനമായിരുന്ന ജർമനിയിൽ പലയിടങ്ങളിൽ നിന്നും ബോംബുകൾ കണ്ടെത്തുന്നത് പതിവാണ്.
												
										