അഫ്ഗാൻ വിഷയത്തിൽ പാക്കിസ്ഥാൻ അന്താരാഷ്ട്ര സമൂഹത്തിനൊപ്പമാണ് നിൽക്കേണ്ടതെന്ന് അമേരിക്ക

വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാന്‍റെ താലിബാൻ നയത്തെ രൂക്ഷമായി വിമർശിച്ച് അമേരിക്ക രംഗത്ത്. അഫ്ഗാൻ വിഷയത്തിൽ പാക്കിസ്ഥാൻ അന്താരാഷ്ട്ര സമൂഹത്തിനൊപ്പമാണ് നിൽക്കേണ്ടതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പ്രതികരിച്ചു. നിരോധിത ഹഖാനി ഗ്രൂപ്പിലെ ഭീകരർ ഉൾപ്പെടെയുള്ള താലിബാൻ അംഗങ്ങൾക്ക് പാക്കിസ്ഥാൻ സഹായം നൽകി. അഫ്ഗാൻ വിഷയത്തിൽ എല്ലാ രാജ്യങ്ങളും നല്ല നിലപാടാണ് സ്വീകരിക്കേണ്ടത്.
പാക്കിസ്ഥാനും ആ പ്രതീക്ഷകൾ ഉയർത്തിപ്പിടിക്കുകയാണ് വേണ്ടതെന്നും ബ്ലിങ്കൻ പറഞ്ഞു. അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടം തുടരുമെന്ന് ബ്ലിങ്കൻ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. അഫ്ഗാൻ വിഷയത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.