മ്യാൻമറിൽ പട്ടാള ഭരണകൂടത്തിനെതിരെ പ്രതിഷേധം കൂടുതൽ ശക്തം 30 പേർ അറസ്റ്റിൽ

യാങ്കൂൺ: മ്യാൻമറിൽ പട്ടാള ഭരണകൂടത്തിനെതിരായ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. പട്ടാള അട്ടിമറി നടന്ന ഫെബ്രുവരി ഒന്ന് മുതൽ ശക്തമായ പ്രതിഷേധം തുടരുന്ന മണ്ഡാലെയിൽ ബുധനാഴ്ച മുപ്പതിലധികം പ്രതിഷേധക്കാരെ സൈന്യം അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ തുരത്താൻ സൈന്യം വെടിയുതിർക്കുകയും ചെയ്തു.
ബൈക്കുകളിലും വാഹനങ്ങളിലും റാലി നടത്താനായിരുന്നു പ്രതിഷേധക്കാർ പദ്ധതിയിട്ടത്. ഇത് അറിഞ്ഞ സൈന്യം ഇവരെ പിടികൂടാൻ എത്തുകയായിരുന്നു. പ്രതിഷേധക്കാർ തന്പടിച്ചിരുന്ന സ്ഥലത്തും അതിന് സമീപവും ഉണ്ടായിരുന്ന അറുപതോളം ബൈക്കുകളും സൈന്യം പിടിച്ചെടുത്തു. പ്രതിഷേധക്കാരല്ലാത്തവരുടെ വാഹനങ്ങളും പിടിച്ചെടുത്തതായി പ്രദേശവാസികൾ പറയുന്നു. സമീപത്തെ മാർക്കറ്റിൽ എത്തിയവരുടെ വരെ വാഹനങ്ങൾ ഇതിൽ ഉൾപ്പെടും.
പ്രതിഷേധങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട് ലഭിക്കുന്ന ഇടങ്ങളിലെല്ലാം വലിയതോതിൽ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിരിക്കുകയാണ്. ചെറിയ വാർഡുകളിൽ പോലും പത്തിലധികം വാഹനങ്ങളിലാണ് സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.