രാജ്യദ്രോഹക്കുറ്റം: പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ശത്രുരാജ്യങ്ങളുമായി ചേർന്ന് ബഹ്‌റൈനെതിരെ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികൾ ചെയ്ത കുറ്റങ്ങൾ രാജ്യത്തിനെതിരെയുള്ള കടുത്ത വഞ്ചനയാണെന്നും പരമാധികാരത്തിന് നേരെ ഉയരുന്ന ഭീഷണിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഭീകരസംഘടനയുമായി ചേർന്ന് രാജ്യത്ത് വിനാശകരമായ നീക്കങ്ങൾ നടത്താൻ പ്രതികൾ ശ്രമിച്ചതായാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. നിരോധിത മേഖലകളുടെ ചിത്രങ്ങൾ പകർത്തി രാജ്യരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ കൈമാറാൻ ഇവർ ശ്രമിച്ചതായി വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതിയെ അറിയിച്ചു. നിലവിൽ ബഹ്‌റൈനെതിരെയുള്ള ഇറാന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കേസ് പരിഗണിക്കുന്നത്. രാജ്യം കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ശത്രുപക്ഷത്തിനൊപ്പം ചേർന്ന് രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന നടപടിയാണ് പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും മറ്റെന്തിനേക്കാളും മുകളിലാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യത്തോടുള്ള കൂറ് ഒരുതരത്തിലുള്ള വിലപേശലിനും വിധേയമാക്കാൻ കഴിയില്ല. ഇതൊരു സാധാരണ നിയമലംഘനമല്ലെന്നും മറിച്ച് രാജ്യത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയായതിനാൽ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദത്തിൽ ഊന്നിപ്പറഞ്ഞു.
asdasd


