പൊതുശൗചാലയങ്ങൾക്ക് 100 ഫിൽസ് ഫീസ് ഏർപ്പെടുത്താൻ ശുപാർശയുമായി ബഹ്റൈൻ വടക്കൻ ഗവർണറേറ്റ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വടക്കൻ മുനിസിപ്പൽ കൗൺസിൽ പരിധിയിലെ പ്രധാന പാർക്കുകളിലും തീരപ്രദേശങ്ങളിലും പൊതുശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് 100 ഫിൽസ് പ്രതീകാത്മക ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിന് കൗൺസിൽ അംഗീകാരം നൽകി. ജനങ്ങൾ ധാരാളമായി എത്തുന്ന അൽ മാലികിയ കോസ്റ്റ്, ആലി വാക്കിംഗ് ട്രാക്ക്, അബു സുബ്ഹ് കോസ്റ്റ് എന്നിവിടങ്ങളിലാകും ആദ്യഘട്ടത്തിൽ ഈ പരിഷ്കാരം നടപ്പിലാക്കുക. അതേസമയം, മുതിർന്ന പൗരന്മാരെയും കുട്ടികളെയും ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനസേവനം മുൻനിർത്തിയാണ് ഈ തീരുമാനമെന്നും അർഹരായവർക്ക് സൗകര്യം തടസ്സമില്ലാതെ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലെ ശൗചാലയങ്ങളുടെ ശുചിത്വവും നിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. വടക്കൻ ഗവർണറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആഴ്ചാവസാനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തരം ഇടങ്ങളിൽ സന്ദർശകർക്ക് കൂടുതൽ വൃത്തിയുള്ള സാഹചര്യം ഒരുക്കാൻ ചെറിയൊരു തുക ഈടാക്കുന്നത് വഴി സാധിക്കുമെന്ന് കൗൺസിൽ പ്രത്യാശ പ്രകടിപ്പിച്ചു.
സമീപകാലത്തായി ചില സാമൂഹിക വിരുദ്ധർ പൊതുമുതൽ നശിപ്പിക്കുന്നതും ടോയ്‌ലറ്റുകളിലെ ഫിക്‌ചറുകൾ തകർക്കുന്നതും പതിവായ പശ്ചാത്തലത്തിലാണ് പരിപാലനത്തിനായി ഈ തുക ഉപയോഗിക്കാൻ തീരുമാനിച്ചത്. കൃത്യമായ അറ്റകുറ്റപ്പണികളിലൂടെയും മേൽനോട്ടത്തിലൂടെയും മികച്ച സേവനം ഉറപ്പാക്കാൻ ഇത് സഹായിക്കും. മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രിയുടെ അന്തിമ അനുമതിക്കായി ഈ ശുപാർശ നിലവിൽ കൈമാറിയിരിക്കുകയാണ്.
sdsdsf


