സൂയസ് കനാലിൽ ഗതാഗതക്കുരുക്ക്; കുടുങ്ങിക്കിടക്കുന്നത് 321 കപ്പലുകൾ


കയ്റോ: സുപ്രധാന സമുദ്രപാതയായ സൂയസ് കനാലിൽ പടുകൂറ്റൻ കണ്ടെയ്നർ കപ്പലായ എവർഗ്രീൻ കുടുങ്ങിയതോടെ ആഗോള ചരക്കുനീക്കം പ്രതിസന്ധിയിൽ. 321 കപ്പലുകളാണ് സൂയസ് കനാലിന്‍റെ ഇരു ഭാഗത്തുമായി കുടുങ്ങിയിരിക്കുന്നത്. ഇത് വലിയ പ്രതിസന്ധിക്കിടയാക്കാം. ഗൾഫിൽനിന്ന് യൂറോപ്പിലേക്കുള്ള എണ്ണനീക്കവും തടസപ്പെട്ടിരിക്കുകയാണ്. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് യൂറോപ്പിനും ഏഷ്യക്കും ഇടയിലെ ചരക്കുഗതാഗത ദൈർഘ്യം ഗണ്യമായി കുറയ്ക്കുന്നതാണ്. ലോകത്തിലെ ചരക്കു ഗതാഗതത്തിന്‍റെ പത്തു ശതമാനവും ഇതുവഴിയാണ്. ചൊവ്വാഴ്ചയാണ് എവർഗ്രീൻ സൂയസ് കനാലിൽ കുടുങ്ങിയത്. ചൈനയിൽനിന്ന് നെതർലാന്‍റ്സിലേക്കു പോകുകയായിരുന്ന നാനൂറ് മീറ്റർ നീളവും രണ്ടു ലക്ഷം ടൺ ഭാരവുമുള്ള കപ്പൽ കനത്ത കാറ്റിൽപ്പെട്ട് വട്ടംതിരിഞ്ഞ് മുൻപിൻഭാഗങ്ങൾ മണ്ണിലുറച്ചുപോകുകയായിരുന്നു. 

നിലവിൽ കപ്പൽ ഉറച്ചഭാഗത്തെ മണ്ണ് നീക്കംചെയ്തുകൊണ്ടിരിക്കുകയാണ്. ഏകദേശം 20000 ക്യൂബിക് മീറ്റർ മണ്ണും മണലും മാറ്റേണ്ടതായിട്ടുണ്ട്. കപ്പലിലുള്ള കണ്ടെയ്നറുകൾ നീക്കം ചെയ്തശേഷം വേലിയേറ്റസമയത്ത് വലിയ ടഗ് ബോട്ടുകളുടെ സഹായത്തോടെ നീക്കാനാകുമെന്നു കരുതുന്നു. ഇന്ന് ഉണ്ടാകുന്ന വേലിയേറ്റത്തിലാണ് അധികൃതർ വലിയപ്രതീക്ഷവച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം സൂയസിൽ ചരക്കുനീക്കം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. വരുന്ന ശനിയാഴ്ചയോടെ പ്രശ്നപരിഹാരമാകുമെന്ന് കപ്പലിന്‍റെ ഉടമസ്ഥർ അഭിപ്രായപ്പെട്ടു. പക്ഷെ കപ്പൽ നീക്കാൻ നിയുക്തമായ ജപ്പാൻ കന്പനി ഷോഎയികീസന്‍റെ പ്രസിഡന്‍റ് യുകിതോ ഹിഗാകി അത്രയും സമയം പോരാ എന്നുപറഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed