കോവിഡ് പ്രതിരോധത്തിന് പിന്തുണ: പ്രധാനമന്ത്രിയ്ക്ക് നന്ദിയറിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ പോരാട്ടത്തിൽ ഇന്ത്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയാസിസ്. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ മഹമാരിയ്‌ക്കെതിരെ പോരാടാൻ എല്ലാ വിധ സഹായവും പിന്തുണയും നൽകിയ പ്രധാനമന്ത്രിയ്ക്കും ഇന്ത്യയ്ക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ട്വിറ്റിലൂടെയായിരുന്നു ടെഡ്രോസിന്റെ പ്രതികരണം.
ഒത്തൊരുമയോടെ പ്രവർത്തിക്കുകയാണെങ്കിൽ കൊറോണയെ പ്രതിരോധിക്കാമെന്നും അദ്ദേഹം കുറിച്ചു. ഇതിലൂടെ കൊറോണ വൈറസിനെ തുരത്താമെന്നും കൊറോണയ്‌ക്കെതിരെ പോരാടുന്ന ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാമെന്നും ടെഡ്രോസ് പറഞ്ഞു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ അയൽരാജ്യങ്ങളെ സഹായിച്ചിരുന്നു. ഇന്ത്യയുടെ കൊറോണ വാക്‌സിൻ അയൽ രാജ്യങ്ങളായ ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ എന്നിവർക്ക് സൗജന്യമായി നൽകിയിരുന്നു. നിസ്വാർത്ഥ പ്രവർത്തനത്തിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ലോകരാജ്യങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു.
ഇന്ത്യയുടെ കൊറോണ വാക്‌സിൻ ബ്രസീലിൽ എത്തിയതിന് പിന്നാലെ ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവരുന്ന ചിത്രം പങ്കുവച്ച്‌കൊണ്ടാണ് പ്രസിഡന്റ് ബൊൾസൊനാരോ നന്ദി അറിയിച്ചത്. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനാണ് ബ്രസീലിൽ ഇന്നലെ എത്തിയത്.