കോവിഡ് വാക്സിൻ നൽകിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീൽ

റിയോ ഡി ഷാനെയ്റോ: ബ്രസീലിലേക്ക് കോവിഡ് വാക്സിൻ കയറ്റി അയച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്‍റ് ജെയിർ ബൊൽസനാരോ. കോവിഡ് പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തിൽ ഇന്ത്യയെ പോലെ മഹത്തായ രാജ്യത്തിന്‍റെ പങ്കാളിത്തം ലഭിച്ചതിൽ അതിയായ അഭിമാനമുണ്ടെന്ന് ബ്രസീൽ പ്രസിഡന്‍റ് ട്വിറ്ററിൽ കുറിച്ചു.
ബ്രസീലിലേക്ക് വാക്‌സിൻ കയറ്റി അയച്ച് ഇന്ത്യ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. അഭിസംബോധന ചെയ്യാൻ നമസ്‌കാർ, നന്ദിയറിയിക്കാൻ ധന്യവാദ് എന്നീ ഹിന്ദി വാക്കുകളാണ് ബൊൽസനാരോ ഉപയോഗിച്ചത്. കൂടാതെ ഹനുമാൻ മൃതസഞ്ജീവനിയുമായി ആകാശത്തൂടെ പോകുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മണന്‍റെ ജീവൻ രക്ഷിക്കാനുള്ള ഗന്ധമാദനപർവതം കൈയിലേന്തി ആകാശത്തുകൂടി നീങ്ങുന്ന ഹനുമാന്‍റെ ചിത്രമാണ് ട്വീറ്റിലുള്ളത്.