വിദേശ വിദ്യാർഥികളുടെ വിസ നിയമങ്ങൾ കർശനമാക്കി അമേരിക്ക
ശാരിക
വാഷിംഗ്ടൺ: വിദേശ വിദ്യാർഥികൾ, ഗവേഷകർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് നൽകിവരുന്ന വിസ നിയമങ്ങൾ അമേരിക്ക സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരുംവിധം കർശനമാക്കുന്നു. വർഷങ്ങളായി നിലനിന്നിരുന്ന 'ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്' സംവിധാനത്തിന് പകരം എഫ്-1, ജെ-1 വിസകളുടെ കാലാവധി പരമാവധി നാല് വർഷമായി പരിമിതപ്പെടുത്തുന്ന പുതിയ നയമാണ് നടപ്പിലാക്കുന്നത്.
കോഴ്സ് കാലാവധി നാല് വർഷത്തിൽ കൂടുതലാണെങ്കിൽ ഇനിമുതൽ സർവകലാശാലകൾക്ക് പകരം യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസിന്റെ പ്രത്യേക അനുമതി വാങ്ങി വിസ നീട്ടിയെടുക്കേണ്ടി വരും. കൂടാതെ പഠനം പൂർത്തിയാക്കിയ ശേഷം രാജ്യത്ത് തുടരാൻ നൽകിയിരുന്ന ഗ്രേസ് പീരിയഡ് 60 ദിവസത്തിൽ നിന്നും 30 ദിവസമായി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവധിക്ക് നാട്ടിൽ പോയിട്ടുള്ള വിദ്യാർഥികളോട് സെപ്റ്റംബർ 15ന് മുൻപായി തിരികെ ക്യാമ്പസുകളിൽ എത്താൻ കൊളംബിയ ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകൾ അടിയന്തര നിർദേശം നൽകി.
പുതിയ വിസ പരിഷ്കാരം അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളിൽ വൻപങ്കുള്ള ഇന്ത്യൻ വിദ്യാർഥികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്. പ്രത്യേകിച്ച് പഠനം പൂർത്തിയാക്കാൻ അഞ്ചോ ആറോ വർഷമെടുക്കുന്ന പിഎച്ച്ഡി, ദീർഘകാല സയൻസ്-എൻജിനീയറിങ് കോഴ്സുകൾ ചെയ്യുന്നവർക്ക് നാല് വർഷം കഴിയുമ്പോൾ വിസ നീട്ടിക്കിട്ടാൻ വീണ്ടും അപേക്ഷ നൽകുകയും കൂടുതൽ ഫീസ് അടച്ച് പരിശോധനകൾക്ക് വിധേയരാകുകയും വേണം. വിസ നീട്ടി നൽകുന്ന കാര്യത്തിൽ സർക്കാരിന് പൂർണ്ണ നിയന്ത്രണം വരുന്നതോടെ പഠനം തടസ്സമില്ലാതെ പൂർത്തിയാക്കാൻ സാധിക്കുമോ എന്ന വലിയ ആശങ്കയിലാണ് ഇന്ത്യൻ വിദ്യാർഥികൾ.
yfjyf

