ജനറിക് മരുന്നുകൾക്ക് പുതിയ താരിഫ് നയവുമായി ട്രംപ്; ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും
ശാരിക
വാഷിംഗ്ടൺ: അമേരിക്കയ്ക്കുള്ളിൽ മരുന്ന് ഉൽപ്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് പുതിയ താരിഫ് നയം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ നയമനുസരിച്ച് 2026 ഓഗസ്റ്റ് 1 മുതൽ രണ്ടു വർഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് പൂജ്യം ശതമാനം നികുതിയായിരിക്കും, എന്നാൽ 2028 ഓഗസ്റ്റ് മുതൽ ഇത് 100 ശതമാനമായും 2029 ഓടെ 200 ശതമാനമായും കുതിച്ചുയരും. അതേസമയം പേറ്റന്റുള്ള ബ്രാൻഡഡ് മരുന്നുകളുടെ നയങ്ങളിൽ മാറ്റമില്ല. വിദേശ നിർമാണത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും, നിർദിഷ്ട സമയപരിധിക്കുള്ളിൽ കമ്പനികളെ അമേരിക്കയിൽ തന്നെ ഫാർമസ്യൂട്ടിക്കൽ പ്ലാന്റുകൾ സ്ഥാപിക്കാൻ നിർബന്ധിതരാക്കാനുമാണ് ഈ ഭാരമേറിയ നികുതി വർധനവിലൂടെ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ കയറ്റി അയക്കുന്ന ഇന്ത്യയ്ക്ക് ഈ പുതിയ താരിഫ് നയം വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വർഷത്തിൽ ഏകദേശം 9.7 മുതൽ 10 ബില്യൺ ഡോളർ വരെയുള്ള ഫാർമ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന സൺ ഫാർമ, ഡോ. റെഡ്ഡീസ്, സിപ്ല, ലുപിൻ തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികളെ ഇത് സാരമായി ബാധിച്ചേക്കാം. 2028 വരെ നികുതിയിളവുള്ളത് താൽക്കാലിക ആശ്വാസവും ഉൽപ്പാദന തന്ത്രങ്ങൾ മാറ്റാൻ സമയവും നൽകുന്നുണ്ടെങ്കിലും, ഭാവിയിൽ വരാനിരിക്കുന്ന 200 ശതമാനം നികുതി ഇന്ത്യൻ കമ്പനികളുടെ വിപണിയെയും ലാഭത്തെയും വലിയ ചോദ്യചിഹ്നത്തിലാക്കും.
efsefs

