വിദേശികളായ 40,000 ഡോക്ടർമാർക്കും നഴ്സുമാർക്കും അമേരിക്ക ഗ്രീൻ കാർഡ് നൽകിയേക്കും
വാഷിംഗ്ടണ് ഡിസി: വിദേശികളായ 40,000 ഡോക്ടർമാർക്കും നഴ്സുമാർക്കും ഗ്രീൻ കാർഡുകൾ അടിയന്തരമായി നൽകുന്നതിനുള്ള ബിൽ സെനറ്റിൽ അവതരിപ്പിച്ചു. കോവിഡിനേത്തുടർന്ന് ആരോഗ്യ മേഖലയിലുണ്ടായ അടിയന്തര ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഹെൽത്ത്കെയർ വർക്ക്ഫോഴ്സ് റീസൈലൻസ് ആക്ട് അവതരിപ്പിച്ചത്.
ആക്ട് പ്രകാരം വിദേശത്ത് ജനിച്ച ആരോഗ്യ സംരക്ഷണ ജീവനക്കാർക്ക് അമേരിക്കയിലെ നിയമാനുസൃത സ്ഥിര താമസത്തിനുള്ള നടപടികൾ വേഗത്തിലാക്കും. വിസ ആനുകൂല്യങ്ങൾ അവസാനിച്ച 25,000 നഴ്സുമാർക്കും 15,000 ഡോക്ടർമാർക്കും ഗ്രീൻ കാർഡുകൾ ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്. കോവിഡ് രോഗികൾ വർദ്ധിക്കുന്ന പ്രദേശങ്ങളിൽ മതിയായ ആരോഗ്യപ്രവർത്തകർ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലുടെ ലക്ഷ്യമിടുന്നത്. എച്ച്1 ബി അല്ലെങ്കിൽ ജെ വിസകളിൽ അമേരിക്കയിലുള്ള നിരവധി ഇന്ത്യക്കാരായ നഴ്സുമാർക്കും ഡോക്ടർമാർക്കും നേട്ടമാകുന്നതാണ് പുതിയ ആക്ട്.
കോവിഡിനുമുന്പ് തന്നെ അമേരിക്കയിൽ മതിയായ നഴ്സുമാരില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ നഴ്സമാർക്കൊപ്പം മറ്റു ആരോഗ്യപ്രവർത്തകരെയും ലഭ്യമല്ലാതായി. സമീപകാലത്ത് ലൈസൻസ് കഴിഞ്ഞവരെയും വിരമിച്ചവരെയുമൊക്കെ തിരികെയെത്തിച്ചാണ് രാജ്യം സങ്കീർണമായ സാഹചര്യത്തെ നേരിട്ടത്.

