കൊറിയന്‍ പോപ് ഗായിക ഗൂ ഹാര വീട്ടില്‍ മരിച്ച നിലയില്‍
സീയൂൾ: കൊറിയന്‍ പോപ് ഗായിക ഗൂ ഹാരയെ(28) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സീയൂളിലെ ചിയോംഗ്ദാമിലെ വീട്ടിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ ഗുഡ്‌ബൈ എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ഹാര പങ്കുവച്ചിരുന്നു. ഇതിനുശേഷമാണ് താരത്തിന്‍റെ മരണവാർത്ത എത്തുന്നത്. മരണകാരണമെന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. കഴിഞ്ഞ മേയിൽ ഗൂ ഹാര ആത്മഹത്യശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരാധകരോട് ആത്മഹത്യാശ്രമം നടത്തിയതിന് ക്ഷമ ചോദിച്ചിരുന്നു. ആശുപത്രിവിട്ട ഹാര വീണ്ടും സംഗീതരംഗത്ത് സജീവമാകുകയും ചെയ്തിരുന്നു. കഴിഞ്ഞാഴ്ച താരം ടെലിവിഷൻ പരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
2008ൽ കെ-പോപ് സംഘം കാരയിലൂടെയാണ് ഗൂ ഹാരം സംഗീത രംഗത്തെത്തുന്നത്. ക്യൂപിഡ് സ്‌റ്റെപ്പ് അടക്കം നിരവധി ഹിറ്റുകൾ നേടി. 2015 മുതല്‍ സോളോയും നടത്തിത്തുടങ്ങിയ താരത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്നു.

