മിഷിഗൺ സെനറ്റ് പോരാട്ടം കനക്കുന്നു; അബ്ദുൽ എൽ-സഈദിന്റെ പ്രചാരണത്തിന് 10 ലക്ഷം ഡോളർ കൈമാറി എഒസി
ഷീബ വിജയൻ
വാഷിങ്ടൺ: അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന പക്ഷവും ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നു. മിഷിഗണിൽ നിന്നുള്ള യുഎസ് സെനറ്റ് സ്ഥാനാർഥി അബ്ദുൽ എൽ-സഈദിന് പിന്തുണയുമായി പുരോഗമന നേതാവ് അലക്സാൻഡ്ര ഒകാസിയോ കോർട്ടെസ് (എഒസി) 10 ലക്ഷം ഡോളർ (ഏകദേശം 8.4 കോടി രൂപ) കൈമാറി. നവംബർ 3-ലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കം പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ്. 2018-ൽ ശ്രദ്ധേയയായ എഒസി, ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവി പ്രസിഡന്റ് സ്ഥാനാർഥിയായി വരെ പരിഗണിക്കപ്പെടുന്ന നേതാവാണ്.
ഈജിപ്ഷ്യൻ വംശജനും മുസ്ലിം വിശ്വാസിയുമായ എൽ-സഈദ്, തൊഴിലാളി വർഗത്തിന് പ്രാധാന്യം നൽകുന്ന നിലപാടുകളിലൂടെയാണ് ശ്രദ്ധേയനായത്. ബെർണി സാൻഡേഴ്സ്, ബരാക് ഒബാമ, കമല ഹാരിസ് എന്നിവരുടെ പിന്തുണയും ഇദ്ദേഹത്തിനുണ്ട്. എൽ-സഈദിന്റെ ഫലസ്തീൻ അനുകൂല നിലപാടുകളെ എതിരാളികൾ ആയുധമാക്കുന്നതിനെ പ്രതിരോധിക്കാനാണ് എഒസി നേരിട്ടെത്തിയത്. നിലവിൽ 100 അംഗ സെനറ്റിൽ 53 സീറ്റുകളുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നയങ്ങളെ ചോദ്യം ചെയ്യാൻ സെനറ്റിലെ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്ക് അത്യാവശ്യമാണ്.
അമേരിക്കയിലെ ഏറ്റവും ചെലവേറിയ സെനറ്റ് പോരാട്ടങ്ങളിലൊന്നായി മാറിയ മിഷിഗണിൽ എൽ-സഈദ്, റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനേക്കാൾ 2.6% മുൻതൂക്കം പുലർത്തുന്നുണ്ട്. എൽ-സഈദ് 30.6 ദശലക്ഷം ഡോളർ സമാഹരിച്ചെങ്കിലും, പ്രചാരണങ്ങൾക്കു ശേഷം കൈവശമുള്ള പണത്തിന്റെ അളവിൽ റോജേഴ്സിനേക്കാൾ പിന്നിലായിരുന്നു. ഈ സാമ്പത്തിക അന്തരം നികത്താൻ കൂടിയാണ് എഒസിയുടെ 10 ലക്ഷം ഡോളറിന്റെ സഹായം.
fvfgf

