തെരുവുപൂച്ചകള്‍ക്ക് ഭക്ഷണം നല്‍കിയ 79 കാരിക്ക് ജയില്‍ശിക്ഷ


വാഷിങ്ടൺ: അയൽക്കാർ ഉപേക്ഷിച്ചു പോയ പൂച്ചകൾക്ക് ഭക്ഷണം കൊടുത്തതിന് എഴുപത്തൊമ്പതുകാരിക്ക് ജയിൽശിക്ഷ. നാൻസി സെഗുല എന്ന വയോധികയ്ക്കാണ് ശിക്ഷ ലഭിച്ചത്. അമേരിക്കയിലെ ഗാർഫീൽഡ് ഹൈറ്റ്സ് സ്വദേശിയാണ് നാൻസി. തെരുവുപൂച്ചകൾക്കും നായകൾക്കും ഭക്ഷണം നൽകുന്നത് ഗാർഫീൽഡ് ഹൈറ്റ്സിൽ കുറ്റകരമായ പ്രവൃത്തിയാണ്. ഇതിനെ തുടർന്നാണ് നാൻസിക്ക് ശിക്ഷ ലഭിച്ചത്.
ഓഹിയോയിലെ കയഹോഗാ കൗണ്ടി ജയിലിൽ പത്തുദിവസം കഴിയുകയെന്നതാണ് നാൻസിക്ക് ലഭിച്ച ശിക്ഷ. ഓഗസ്റ്റ് 11നാണ് നാൻസിയുടെ ശിക്ഷ ആരംഭിക്കുന്നത്. 

രണ്ടുവർഷം മുമ്പാണ് നാൻസി പൂച്ചകൾക്ക് ഭക്ഷണം നൽകിത്തുടങ്ങിയത്. ആദ്യവർഷം തന്നെ പൂച്ചകൾക്ക് ഭക്ഷണം നൽകുന്നത് നിർത്തണമെന്ന നിർദ്ദേശം അധികൃതരിൽ നിന്ന് ലഭിച്ചിരുന്നു. ഇതിനോടകം ഇത്തരത്തിലുള്ള നാല് മുന്നറിയിപ്പുകൾ നാൻസിക്ക് ലഭിച്ചിട്ടുണ്ട്. തുടർന്ന് കഴിഞ്ഞയാഴ്ചയാണ് വിഷയത്തിൽ മജിസ്ട്രട്ടിനു മുന്നിൽ നാൻസിക്ക് ഹാജരാണ്ടേി വന്നത്.
തന്റെ അയൽക്കാരന് കുറേ പൂച്ചകളുണ്ടായിരുന്നെന്നും താമസം മാറിയപ്പോൾ അയാൾ പൂച്ചകളെ ഒപ്പം കൂട്ടാതെയാണ് പോയതെന്നും നാൻസി പറയുന്നു. തുടർന്ന് പൂച്ചകൾക്ക് സംരക്ഷണം നൽകിത്തുടങ്ങുകയായിരുന്നു. ഒരു പൂച്ചസ്നേഹി ആയതുകൊണ്ടു തന്നെ ആ പൂച്ചകളെ കുറിച്ച് തനിക്ക് ഉത്കണ്ഠയുണ്ടായിരുന്നെന്നും നാൻസി കൂട്ടിച്ചേർക്കുന്നു. നാൻസി പൂച്ചകൾക്ക് ഭക്ഷണം നൽകുന്നത് കണ്ട മറ്റ് അയൽക്കാർ പരാതിപ്പെടുകയും അനിമൽ വാർഡനെ വിവരം അറിയിക്കുകയുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed