കാഴ്ചപരിമിതി ദൈവവേലയ്ക്ക് തടസ്സമല്ലെന്ന് തെളിയിച്ച് യുവാവ് തിരുപ്പട്ടം സ്വീകരിച്ചു
ഫാത്തിമ: കാഴ്ചപരിമിതി ദൈവവേലയ്ക്ക് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രസീല്‍ സ്വദേശിയായ തിയാഗോ വരാണ്ട. പൗരോഹിത്യത്തോടു അടങ്ങാത്ത ആഗ്രഹം സൂക്ഷിച്ചിരിന്ന കാഴ്ച പരിമിതിയുള്ള ഈ യുവാവ് കഴിഞ്ഞ ദിവസം തിരുപ്പട്ടം സ്വീകരിച്ചു. ജൂലൈ 15നാണ് തിയാഗോ വരാണ്ട പോര്‍ച്ചുഗലിലെ കാഴ്ചപരിമിതിയുള്ള ആദ്യ വൈദികന്‍ എന്ന ഖ്യാതിയോടെ വൈദിക പട്ടം സ്വീകരിച്ചത്. ബ്രാഗയിലുള്ള മാതാവിന്റെ തീര്‍ത്ഥാടന ദേവാലയത്തിലായിരുന്നു പൗരോഹിത്യ സ്വീകരണ ചടങ്ങ് നടന്നത്.
ഇതിന് പിന്നാലെ 35 വയസ്സുകാരനായ ഫാ. തിയാഗോ വരാണ്ട, ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണ ചാപ്പലിലെത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും, തന്റെ പൗരോഹിത്യം മാതാവിന് സമര്‍പ്പിക്കുകയും ചെയ്തു.
താന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ, ഫാത്തിമ തനിക്ക് പ്രത്യേകത നിറഞ്ഞ ഒരു സ്ഥലമായിരുന്നുവെന്നും തന്റെ ജീവിതത്തിന്റെ ഈ പ്രധാന സമയത്ത്, തന്റെ പൗരോഹിത്യം മറിയത്തിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നുവെന്നും അതുവഴി പരിശുദ്ധ മറിയത്തിലൂടെ യേശുവുമായി കൂടുതലായി ഐക്യത്തിലായിരിക്കാന്‍ സാധിക്കുമെന്ന് തനിക്കറിയാമെന്നും ഫാ. തിയാഗോ പറഞ്ഞു.
വൈദികവൃത്തിയുടെ എഴുപത്തിനാലാം വാര്‍ഷികം ആഘോഷിക്കുന്ന മോണ്‍സിഞ്ഞോര്‍ ജോവാക്കിം ഫെര്‍ണാണ്ടസിനോടും മറ്റു നവ വൈദികരോടും ഒപ്പമാണ് ഫാ. തിയാഗോ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്.
കണ്‍ജെനീറ്റല്‍ ഗ്ലോക്കോമ എന്ന അസുഖത്തെ തുടര്‍ന്നു പതിനാറാം വയസ്സിലാണ് തിയാഗോ വരാണ്ടയ്ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടത്.

