ഗൂഗിൾ മാപ്പിനെ ആശ്രയിച്ച യാത്രതിരിച്ച യാത്രക്കാർക്ക് കിട്ടിയ എട്ടിന്റെ പണി
ന്യൂയോർക്ക്: ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് ഡെൻവെർ വിമാനത്താവളത്തിലേക്ക് യാത്രതിരിച്ചവരെ പ്രധാനറോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി എളുപ്പവഴി കാണിച്ചുകൊടുത്താണ് ഗൂഗിൾ മാപ്പ് കുടുക്കിയത്. കഴിഞ്ഞ ഞായറാഴ്ച ഡെൻവെർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന നൂറോളം കാറുകളാണ് ഗൂഗിൾ മാപ്പിനെ ആശ്രയിച്ചതിനാൽ വഴിയിൽകിടന്നത്. പ്രധാനറോഡിൽ ഗതാഗതക്കുരുക്കായതിനാൽ എളുപ്പവഴിയിലൂടെ പോകാനായിരുന്നു ഗൂഗിൾ മാപ്പിന്റെ നിർദേശം. എന്നാൽ ഈ വഴിയാകട്ടെ ഇടുങ്ങിയതും ചെളിനിറഞ്ഞതുമായിരുന്നു. ഇതറിയാതെ എത്തിയ കാറുകൾ ഒന്നൊന്നായി ചെളിയിൽ പൂണ്ടതോടെ ഈ വഴിയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാറുകൾ വഴിയിൽ കുടുങ്ങിയതോടെ പലർക്കും കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്താനായില്ല. ഇതിനിടെ ഫോർവീൽ ഡ്രൈവ് സംവിധാനമുള്ള ചില വാഹനങ്ങൾ അതിസാഹസികമായി ചെളിയിൽനിന്ന് പുറത്തുകടന്നു. ഏകദേശം മൂന്നരമണിക്കൂറിന് ശേഷമാണ് ചെളിയിൽ കുടുങ്ങിയ വാഹനങ്ങൾ നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്.
അതേസമയം, ഗൂഗിൾ മാപ്പ് നിർദേശിച്ച വഴി എളുപ്പവഴി തന്നെയായിരുന്നു വെന്നും കനത്തമഴയും മോശം കാലാവസ്ഥയും കാരണമാണ് യാത്രക്കാർക്ക് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നതെന്നും ഗൂഗിൾ അധികൃതർ വ്യക്തമാക്കി.

