പ്രവാസി വ്യവസായിയുടെ ആത്മഹത്യ : ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്നാവർത്തിച്ച് പി.ജയരാജൻ‍


കൊച്ചി: പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയ സംഭവത്തിൽ ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്ന നിലപാട് ആവർ‍ത്തിച്ച് സി.പി.എം മുൻ‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ജയരാജൻ‍. സാജന്‍റെ കെട്ടിട നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നിൽ ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്നും അത് ഉൾക്കൊള്ളണമെന്നും ജയരാജൻ പറഞ്ഞു. 

ആന്തൂർ വിഷയത്തിൽ പാർ‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളയ്ക്കു തെറ്റു പറ്റിയിട്ടില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്ന്, രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പരസ്യമായി നിലപാടെടുത്ത ജയരാജനെ തള്ളിയായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ ഈ വിലയിരുത്തൽ. സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ ജില്ലാ കമ്മിറ്റിയിൽ റിപ്പോർ‍ട്ട് ചെയ്യാനിരിക്കെയാണ് ജയരാജൻ നിലപാട് ആവർത്തിച്ചത്.

സാജനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എൻജിനീയർ, ഓവർസിയർമാർ എന്നിവർ സ്വീകരിച്ചതിനാലാണ് സർക്കാർ അവർക്കെതിരെ നടപടിയെടുത്തത്. കെട്ടിടനിർമ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥന്മാരാണ്− ജയരാജൻ കൂട്ടിച്ചേർത്തു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed