സിറിയയിൽ നിന്ന് യു.എസ് സേനയെ ഉടൻ പിൻവലിക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ : അമേരിക്കൻ സേനയെ സിറിയയിൽനിന്നു ഉടൻ പിൻവലിക്കുമെന്നു പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഒഹിയോവിൽ നടന്ന ഒരു പരിപാടിയിലാണ് ട്രംപിന്റെ പ്രഖ്യാപനം.
യുദ്ധങ്ങൾക്കായി മധ്യപൂർവദേശത്ത് അമേരിക്ക ഏഴു ട്രില്യൻ ഡോളർ (ഏകദേശം ഏഴു ലക്ഷം കോടി രൂപ) പാഴാക്കിയതായും എന്നാൽ അതൊന്നും തിരിച്ചു കിട്ടിയില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇസ്ലാമിക് േസ്റ്ററ്റിനെ തുരത്തുന്നതിൽ വിമത സേനകൾ കാര്യമായ വിജയം നേടിയെന്നും തുടർന്ന് ഐ.എസിനെതിരായ പോരാട്ടത്തിനു പിന്തുണ നൽകുമെന്നും അമേരിക്കൻ പ്രതിരോധ വകുപ്പ് വക്താവ് ഡാന വൈറ്റ് അറിയിച്ചു. സിറിയയിൽ യുദ്ധത്തിൽ പതിനായിരങ്ങളുടെ യാതനയ്ക്കു വലിയൊരളവോളം ഉത്തരവാദി അസദിനെ പിന്തുണയ്ക്കുന്ന റഷ്യയാണെന്നും അമേരിക്ക കുറ്റപ്പെടുത്തി.
ഐ.എസ്, അൽഖായിദ എന്നീ ഭീകരസംഘങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങൾ മോചിപ്പിക്കാനായി സിറിയൻ ആഭ്യന്തര യുദ്ധത്തിൽ പ്രസിഡണ്ട് ബഷാർ അൽ അസദിനെതിരെ പോരാടുന്ന വിമതസേനാ സഖ്യത്തിനാണ് 2014 മുതൽ അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേന സൈനിക സഹായം നൽകുന്നത്. ഈ കാലയളവിൽ യു.എസ് സേന ഐ.എസ് കേന്ദ്രങ്ങൾക്കുനേരെ 11,200 വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.
അതേസമയം, രൂക്ഷയുദ്ധം തുടരുന്ന സിറിയയുടെ കിഴക്കൻ ഗൂട്ട മേഖലയിൽനിന്നു വിമതസേനയുടെ പിൻമാറ്റത്തിനു കരാറായതായി റഷ്യയുടെ പ്രതിരോധ സെക്രട്ടറി പറഞ്ഞു. വിമതരുടെ അവസാന താവളമായ കിഴക്കൻ ഗൗട്ടയിൽനിന്ന് അവരെ തുരത്താൻ കഴിഞ്ഞ ഫെബ്രുവരി 18ന് ആരംഭിച്ച സിറിയൻസേനാ മുന്നേറ്റത്തിനു നേരിട്ടു മേൽനോട്ടം വഹിച്ചതു റഷ്യൻ സൈന്യമാണ്. തുടർന്നുണ്ടായ കനത്ത വ്യോമാക്രമണങ്ങളിൽ 1600 സാധാരണ പൗരന്മാരാണു കൊല്ലപ്പെട്ടത്. അതിനിടെ, കഴിഞ്ഞ ദിവസം അമേരിക്കൻ സഖ്യസേനയിലെ രണ്ടു സൈനികർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ ഏതു രാജ്യക്കാരാണെന്നു വ്യക്തമല്ല.

